മുപ്പത്തിയഞ്ചാം ദിവസവും വിജയകരമായി പ്രദർശനം തുടർന്ന് മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്.സെപ്റ്റംബർ 28ന് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് ആഗോള വ്യാപകമായി 75 കോടിയും പിന്നിട്ട് ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.കേരളത്തിൽ നിന്ന് മാത്രമായി ചിത്രം നേടിയത് 30 കോടിക്ക് മുകളിലാണ് .സമീപകാലങ്ങളിൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഏറ്റവും കൂടുതൽ ജനകീയ വിജയം നേടിയ ചിത്രം കൂടിയാണ് കണ്ണൂര്‍ സ്ക്വാഡ്.ഇതോടുകൂടി എക്കാലത്തെയും മലയാള സിനിമകളുടെ വിജയ പട്ടികയില്‍ ഏഴാം സ്ഥാനത്ത് കണ്ണൂർ സ്‌ക്വാഡ് എത്തിയിട്ടുണ്ട്.
അതേസമയം ലോകേഷ് കനകരാജ് ചിത്രം ലിയോ തിയറ്ററുകളിൽ എത്തുമ്പോള്‍ അത് നിലവില്‍ തിയറ്ററിലുണ്ടായിരുന്ന മലയാള ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ കളക്ഷൻ ബാധിക്കുമെന്ന രീതിയിൽ ചർച്ചകൾ നടന്നിരുന്നു.ഇത്രയും ഹൈപ്പിൽ എത്തുന്ന ചിത്രത്തിൻറെ കുത്തൊഴുക്കിൽ കണ്ണൂർ സ്‌ക്വാഡ് പ്രദർശനം അവസാനിക്കുമോ എന്ന രീതിയിൽ വരെ ചർച്ചകൾ വിപുലമായിരുന്നു.മാത്രമല്ല സംവിധായകൻ ഒമർ ലുലു വരെ ഇക്കാര്യം പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.ലിയോ വൺ ടൈം വാച്ചബിള്‍ സിനിമയാണെന്നും കണ്ണൂര്‍ സ്ക്വാഡിന് തിയറ്റര്‍ നൽകേണ്ടതുണ്ടെന്നുമായിരുന്നു ഒമറിന്റെ പ്രതികരണം.ആദ്യ ദിനം തന്നെ കണ്ണൂർ സ്‌ക്വാഡ് രണ്ട് കോടിക്ക് മുകളിൽ കരസ്ഥമാക്കിയിരുന്നു. റിലീസ് ചെയ്ത് പതിമൂന്ന് ദിവസം പിന്നിടുമ്പോൾ തന്നെ ചിത്രം 50 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. മമ്മൂട്ടി ആറാം പ്രാവശ്യമാണ് 50 കോടി ക്ലബ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.ഹൈപ്പിലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് ലഭിച്ചത് മികച്ച ഗ്രോസ് കളക്ഷനാണ്.ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പ്രകാരം 2.40 കോടി രൂപയാണ് ചിത്രം ആദ്യദിനം നേടിയത്.
കണ്ണൂരിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണ് ചിത്രം മുൻപോട്ട് പോകുന്നത്.മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.