കണ്ണൂര്‍ സ്‌ക്വാഡ് കൂടുതല്‍ തീയേറ്ററുകളിലേക്ക്. നാലാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റ് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 130ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് കണ്ണൂര്‍ സ്‌ക്വാഡ് നാലാം വാരത്തില്‍ പ്രദര്‍ശിപ്പിക്കുക. തിരുവനന്തപുരത്ത് മാത്രം പത്തോളം തിയറ്ററുകളിലാണ് കണ്ണൂര്‍ സ്‌ക്വാഡ് പ്രദര്‍ശിപ്പിക്കുന്നത്. തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു കൊണ്ട് പുതിയ പോസ്റ്ററും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ‘ഞങ്ങളെ സ്വീകരിച്ച പ്രേക്ഷകരെ വിട്ടിട്ട് വരാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല സാറേ’, എന്നാണ് പോസ്റ്റര്‍ വാചകം. പോസ്റ്റര്‍ പങ്കുവച്ച മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
‘ലിയോ വന്നപ്പോള്‍ എടുത്ത് കളയുമോ എന്നൊരു പേടിയുണ്ടായിരുന്നു. കളയരുത്, മാരാര് ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും, തീയേറ്ററില്‍ കാണാത്ത, കാണാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ ഇനിയും ഉണ്ട്. എല്ലാരും കണ്ട് ആഘോഷിക്കട്ടെ ഈ പൂജ അവധിക്കാലം..,ലിയോ 2 ദിവസം ഉണ്ടാകും. അത് കഴിഞ്ഞാല്‍ ബാക്കി എല്ലാരും വരും, ആരൊക്കെ വന്നാലും പോയാലും ജോര്‍ജ്ജ് മാര്‍ട്ടിനും ടീമും ഇവിടെ തന്നെ ഉണ്ടാകും’, എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകള്‍.
അതേസമയം, റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ 75 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. നാലാം വാരം പൂജ ഹോളിഡേയ്‌സ് ആണ് വരുന്നത്. അതുകൊണ്ട് തന്നെ മികച്ച കളക്ഷന്‍ ചിത്രത്തിന് നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. 100 കോടി എന്തായാലും ഒരുമാസത്തില്‍ മമ്മൂട്ടി ചിത്രം നേടുമെന്ന് ഉറപ്പാണ്.
അതേസമയം,അധികം പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമാണ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടൊപ്പം ഗംഭീരമായ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ് സൃഷ്ടിച്ചത്.ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈ മാസം അവസാനത്തോടെ കണ്ണൂര്‍ സ്‌ക്വാഡ് ഒടിടിയില്‍ വരുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ അവസാനിക്കുന്നതോടു കൂടി നാലാഴ്ചത്തെ തിയേറ്റര്‍ റണ്‍ ചിത്രം പൂര്‍ത്തിയാക്കും.
അതേ സമയം ഏത് പ്ലാറ്റ്‌ഫോമിലാണ് ചിത്രം വരുന്നതെന്ന് ഔദ്യോഗിക സ്ഥിതീകരണമായിട്ടില്ല. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സോണി ലിവ് സ്വന്തമാക്കിയതായി മുന്നേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡിസ്‌നി പ്ലസ് ഹോര്‍ട് സ്റ്റാറിനാകും കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്ട്രീമിം?ഗ് അവകാശം എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 75 കോടി രൂപയാണ് ചിത്രം ഇതുവരെ ആഗോള കളക്ഷനായി ചിത്രം സ്വന്തമാക്കിയത്. ഗ്രേറ്റ് ഫാദര്‍, വെള്ളം എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ചിത്രത്തിന്റെ സംവിധായകനായ റോബി വര്‍ഗീസ് രാജ്. റോബിയുടെ തന്നെ സഹോദരനായ റോണി ഡേവിഡും മുഹമദ് ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. എ. എസ്. ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സുഷിന്‍ ശ്യാമാണ് കണ്ണൂര്‍ സ്‌ക്വാഡിന് സംഗീതം നല്‍കിയിരിക്കുന്നത്.