മിസ്റ്ററി ത്രില്ലർ ചിത്രവുമായി കരീന; ‘ജാനേ ജാൻ’ ട്രെയിലർ പുറത്ത്

0
445

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് കരീന കപൂർ. നിരവധി ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളായി കരീന എത്തിയിരുന്നു. ഇപ്പോഴിതാ കരീനയുടെ പുതിയ ചിത്രമായ ‘ജാനേ ജാനിന്റെ’ ട്രെയ്ലർ പുറത്തിറങ്ങിയിരിക്കുകയാണ്. സുജോയ് ഘോഷ് ആണ് ഈ മിസ്റ്ററി ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത്. മായ ഡിസൂസ എന്ന കഥാപാത്രമായാണ് കരീന ചിത്രത്തിൽ എത്തുന്നത്. ഒരു കൊലപാതകവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജാപ്പനീസ് നോവലായ ‘ദി ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സിനെ’ ആധാരമാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ജാനേ ജാൻ’. വിജയ് വർമ, ജയ്ദീപ് അഹ്‌ലാവത് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെ സെപ്റ്റംബർ 21 നാണ് ‘ജാനേ ജാൻ’ സ്ട്രീമിങ് ചെയ്യുന്നത്.

നേരത്തെ ഈ സിനിമയുടെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൊരു തമാശ വീഡിയോയിലൂടെ താരം പങ്കുവച്ചിരുന്നു. ഇത് വരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കഥാപാത്രമായിട്ടായിരിക്കും താൻ എത്തുക എന്നുള്ള ഉറപ്പ് കരീന വീഡിയോ വഴി നൽകിയിരുന്നു.

ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച വീഡിയോക്ക് താഴെ “ഇതൊരു രഹസ്യമാണ് പക്ഷെ എനിക്ക് പറയാതിരിക്കാനാവില്ല” എന്ന് കണ്ണിറുക്കുന്ന ഇമോജിക്കൊപ്പം താരം കുറിച്ചിട്ടുണ്ട്. വീഡിയോയിൽ തന്റെ സ്വീകരണ മുറിയിലിരുന്ന് വിവിധ സംവിധായകരിൽ നിന്നും വ്യത്യസ്തങ്ങളായ സിനിമ ആശയങ്ങൾ കേൾക്കുന്ന കരീനയെ ആണ് നമുക്ക് കാണാൻ സാധിക്കുക. കരീന ഹിറ്റാക്കിയ കഥാപത്രങ്ങളുടെയും സിനിമകളുടെയും അബദ്ധം നിറഞ്ഞ പതിപ്പുകളാണ് എല്ലാവരും മുന്നോട്ടു വെക്കുന്നത്.

 

‘കഭി ഖുഷി കഭി ഗം’ ലെ പൂജ, തോക്ക് തന്റെ ഷൂവിലൊളിപ്പിച്ചു വരുന്ന പൊലീസുകാരിയാവുന്ന കഭി ഖുഷി കഭി ഗൺ, തന്റെ തന്നെ ഭാവിയിലെ പതിപ്പിനോട് ടൈം മെഷിനിൽ വെച്ച് പ്രണയത്തിലാകുന്ന ഗീതിന്റെ ‘കൽ വീ മെറ്റ്’ എന്ന സയൻസ് ഫിക്ഷൻ. അതുപോലെ ‘പൂ കീ ബ്ലൈൻഡേർസ്’,’പൽ വീ മെറ്റ്’, ‘ജബ് വീ പെറ്റ്’, ‘ടൂ പൂ റ്റു ഹാൻഡിൽ’, ‘മുജ്‌സേ ഹെയ്‌സ്റ്റ് കരോഗേ’ തുടങ്ങിയവ അവയിൽ ചിലതാണ്. അവസാനം നിരാശയായിരിക്കുന്ന കരീനയ്ക്ക് മുൻപിലേക്ക് നല്ലൊരു ഓഫർ എത്തുന്നു. ത്രില്ലറും റൊമാൻസും നിഗൂഢതയുമൊക്കെ നിറഞ്ഞ ആ ആശയത്തിൽ കരീന ആകർഷിതയാവുന്ന സമയം വീഡിയോ അവസാനിക്കുന്നു. അതേസമയം, കരീനയുടേതായി ഇനി വരാനിരിക്കുന്ന പുതിയ സിനിമ രാജേഷ് കൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന കൃതി സോനൻ, തബു എന്നിവരോടൊപ്പമുള്ള ‘ദി ക്രൂ’ ആണ്.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here