സനാതന ധർമ വിവാദമാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. സനാതന ധർമത്തെ കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശമാണ് ഇപ്പോൾ വർത്തകളിലെല്ലാം നിറഞ്ഞു നിൽക്കുന്നത്. നിരവധി പേരാണ് ഉദയ നിധിയെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തുന്നത്. സനാതന ധർമം കൊതുകിനും കോവിഡിനും മലേറിയക്കും സമാനമാണെന്നും അതിനെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധി പറഞ്ഞിരുന്നത്. ഇതിനെല്ലാം ഒടുവിൽ ഉദയനിധിയുടെ തല കൊയ്യാൻ അയോധ്യയിലെ തപസി ചൗനി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ പരമഹൻസ് ആചാര്യ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഉദയനിധിയെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മലയാള നടനും പത്തനാപുരം എം എൽ എ യുമായ കെ ബി ഗണേഷ് കുമാർ. “ഉദയനിധി പറഞ്ഞത് മണ്ടത്തരമാണ് മറ്റു മതങ്ങളെ വിമർശിക്കാൻ പാടില്ല, ഉദയനിധിയുടെ അച്ഛനും മുത്തച്ഛനും രാഷ്ട്രീയക്കാരായിരുന്നു അങ്ങനെ രാഷ്ട്രീയത്തിലെത്തിയവനാണ് ഉദയനിധി അല്ലാതെ അധ്വാനിച്ചു ഉയർന്നു വന്നവനൊന്നുമല്ല. നമ്മളൊരു പരിപാടിക്ക് പോകുന്ന സമയത്ത് അവരുടെ ആശയങ്ങളെ നമ്മളുടേതാക്കി പറയുന്നത് അപ്പോൾ കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന പരിപാടിയാണ് അതാർക്കും നല്ലതല്ല” നല്ലതല്ല ഗണേഷ് കുമാർ കൂട്ടി ചേർത്തു.
അതേ സമയം ഉദയനിധിക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി വൈ ചന്ദ്രചൂഡിന് മുൻ ഹൈക്കോടതി ജഡ്ജിമാരും ബ്യൂറോക്രാറ്റുകളുമടക്കം 262 പേർ ഒപ്പിട്ട ഭീമ ഹർജി നൽകിയിട്ടുണ്ട്. തല കൊയ്യാൻ അയോധ്യയിലെ തപസി ചൗനി ക്ഷേത്രത്തിലെ പ്രധാന പൂജാരിയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട് ഉദയനിധി രംഗത്ത് എത്തുകയും ചെയ്തിരുന്നു. തന്റെ വാക്കുകൾ പുറത്തു വരുമ്പോൾ ഇത് വലിയ പ്രശ്നമാകുമെന്ന് തനിക്ക് അറിയാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
നിലവിൽ തമിഴ്നാട് മന്ത്രി സഭയിൽ കായിക – യുവജന ക്ഷേമ വകുപ്പുകളുടെ മന്ത്രി സ്ഥാനം വഹിക്കുന്ന ഉദയനിധി തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിന്റെ മകനും മുൻ മുഖ്യ മന്ത്രി കരുണാനിധിയുടെ കൊച്ചു മകനുമാണ്. ചെന്നൈയിലെ ചെപ്പക്-തിരുവള്ളികെനി മണ്ഡലത്തിൽ നിന്നുമാണ് ഉദയനിധി സ്റ്റാലിൻ ഡി എം കെ യുടെ പ്രതിനിധിയായി തമിഴ്നാട് നിയമ സഭയിലേക്കെത്തുന്നത്. തന്റെ തന്നെ നിർമാണ കമ്പനിയായ റെഡ് ജയന്റ് സ്റ്റുഡിയോയിലൂടെ നിർമ്മാതാവും വിതരണക്കാരനുമായി തമിഴ് സിനിമ മേഖലയിലേക്കെത്തിയ ഉദയനിധി പിന്നീട് അഭിനയ രംഗത്തേക്കും കടന്നു വന്നിരുന്നു.