‘ഖുഷി’യുടെ വിജയാഘോഷത്തിന്റെ ഭാഗമായി വിശാഖപട്ടണത്തിലെ സിംഹാചല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിജയ് ദേവരകൊണ്ട. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും വിജയ ദേവരകൊണ്ട പങ്കെടുത്തു. ക്ഷേത്രത്തില്‍ തടിച്ചുകൂടിയ ആരാധകരോട് വിജയ് ദേവരകൊണ്ട സംസാരിക്കുകയും ചിത്രം വിജയിപ്പിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു. താന്‍ ആദ്യമായാണ് സിംഹാചലക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതെന്നും ക്ഷേത്രത്തിലെത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണറായി മാറിയ ചിത്രമാണ് അടുത്തിടെ ഇറങ്ങിയ ‘ഖുഷി’. സെപ്റ്റംബറില്‍ ഒന്നിന് തിയേറ്ററിലെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശിവ നിര്‍വാണ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയും സാമന്തയുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 70 കോടിയിലധികം കളക്ഷന്‍ നേടി.
അതേസമയം, ഖുഷി സിനിമയുടെ വിജയത്തിന് പിന്നാലെ വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിജയ് ദേവെരകൊണ്ട.’ഖുഷി’യുടെ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് നടന്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 70 കോടി നേടിയതിന്റെ സന്തോഷത്തിലാണ് നടന്‍ പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം നല്‍കാന്‍ തീരുമാനിച്ചത്.
എന്തായാലും നടന്റെ പുതിയ പ്രഖ്യാപനം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അദ്ദേഹത്തിന്റെ നല്ല മനസ്സാണ് ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസിന് എത്തിയ ചിത്രത്തിന് ആദ്യം ദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. സാമന്തയും വിജയദേവരകൊണ്ടയും തമ്മിലുള്ള സീനുകള്‍ പ്രേക്ഷകരെ കോരിത്തരിപ്പിച്ചുവെന്നാണ് പ്രേക്ഷക അഭിപ്രായം.മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
വ്യത്യസ്ത ജാതിയിലുള്ള രണ്ടുപേര്‍ പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരാവുകയും തുടര്‍ന്നുള്ള അവരുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട് .ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിലെ ‘എന്‍ റോജാ നീയേ’ എന്ന ഗാനം പ്രതീക്ഷിച്ചതിലും ഹിറ്റായി മാറിയിരുന്നു .
സാരിഗമപ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം ഒമ്പത് മില്യണ്‍ ആളുകളാണ് ഇതിനോടകം കണ്ടത്.മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഗാനം വൈറല്‍ ആയിരുന്നു.റീലുകളായും സ്റ്റോറികളായും ഇന്‍സ്റ്റാഗ്രാമില്‍ വന്‍ ഹിറ്റാണ് ‘എന്‍ റോജാ നീയേ’ എന്ന ഗാനം.’ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.