കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘കുടുക്ക് 2025’ .മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ച ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സൈന പ്ലേ ആണ് കുടുക്കിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരങ്ങൾ.സൈന പ്ലേ തന്നെയാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാർത്ത പുറത്ത്‌വിട്ടത്
2022ൽ റിലീസ് ചെയ്ത ചിത്രം വളരെ വൈകിയാണ് ഒടിടിയിൽ പ്രദർശനത്തിന് എത്തുന്നത്.ചിത്രം പ്രദർശനത്തിന് എത്തിയത് മുതൽ വലിയ രീതിയിൽ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. സാങ്കേതികത വ്യക്തി ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്‍റെ സ്വകാര്യതയാണ് ചിത്രത്തിന്‍റെ വിഷയം. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.ചിത്രത്തിലെ പുറത്തിറങ്ങിയ തെയ്തക എന്ന ഗാനത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഗാനം റിലീസ് ചെയ്തതിന് പിന്നാലെ ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഒറ്റ ദിവസം കൊണ്ട് ഗാനം കണ്ടത്. മാത്രമല്ല സോഷ്യൽ മീഡിയയിൽ റീലുകളായും മറ്റും ഗാനം പ്രചരിച്ചിരുന്നു.
കുടുക്കിലെ ‘മാരൻ’ എന്ന ഗാനത്തിലെ രംഗവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഗാനത്തിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ നടി ദുര്ഗ കൃഷ്ണക്ക് നേരെയും കൃഷ്ണ ശങ്കറിന് നേരെയും വന്‍ തോതില്‍ സൈബര്‍ ആക്രമണങ്ങളും ഉയര്‍ന്നിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി ഇരുവരും എത്തിയിരുന്നുവെങ്കിലും കാര്യമൊന്നും ഉണ്ടായിരുന്നില്ല. ഇതിനെതിരെ പ്രതികരിച്ച ദുര്‍ഗയുടെ ഭര്‍ത്താവിനെയും സോഷ്യൽ മീഡിയ വലിയ രീതിയിൽ വിമർശിച്ചിരുന്നു. എന്തായാലും ഇത്രയും ചർച്ചാവിഷയമായ ചിത്രം ഒടിടിയിലൂടെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരുള്ളത്.
എസ്.വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് കുടുക്ക് നിർമ്മിച്ചത്. ആക്ഷന്‍ കൊറിയോഗ്രഫി വിക്കി, ഛായാഗ്രഹണം അഭിമന്യു വിശ്വനാഥ്, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം ഭൂമി, മണികണ്ഠന്‍ അയ്യപ്പ, പശ്ചാത്തല സംഗീതം ഭൂമി, മുജീബ് മജീദ്, കലാസംവിധാനം ഇന്ദുലാല്‍, അനൂപ്, വസ്ത്രാലങ്കാരം ഫെമിന ജബ്ബാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് പ്രഭാകര്‍, അസോസിയേറ്റ് ഡയറക്ടര്‍ ആനന്ദ് ശ്രീനിവാസന്‍, സ്റ്റില്‍സ് അരുണ്‍ കിരണം.