കഴിഞ്ഞ 24 മാസം മാത്രം എടുത്തുനോക്കിയാൽ മതി ശരിക്കും ഹിറ്റായിരിക്കുന്ന സിനിമകൾ വലിയ താരങ്ങളുടെയല്ല. നല്ല സിനിമയാണെങ്കിൽ പ്രേക്ഷകന് നല്ലതെന്നു തോന്നിയാൽ അത് ആരായാലും തീയേറ്ററിൽ പോയിക്കാണും. നല്ലതല്ലെങ്കിൽ കാണില്ല, ഒരുരീതിയിലും കിടന്നു കരഞ്ഞിട്ട് കാര്യമില്ല, ഒരാളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന് അമിത് ചക്കാലക്കൽ. ‘പ്രാവ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
അമിത് ചക്കാലക്കലിന്റെ വാക്കുകൾ…
“കുറേ ആഴ്ചകളും മാസങ്ങളും എടുത്തുനോക്കിയാൽ ശരിക്കും വലിയ താരങ്ങളാണ് വിജയം ഉണ്ടാക്കുന്നത്, അല്ലെങ്കിൽ താരമൂല്യമുള്ള ആളുകളാണ് ഇന്ന് പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിക്കുന്നത് എന്ന് തോന്നിയിട്ടുണ്ടോ? കഴിഞ്ഞ 24 മാസം മാത്രം എടുത്തുനോക്കിയാൽ മതി ശരിക്കും ഹിറ്റായിരിക്കുന്ന സിനിമകൾ വലിയ താരങ്ങളുടെയല്ല. നല്ല സിനിമയാണെങ്കിൽ പ്രേക്ഷകന് നല്ലതെന്നു തോന്നിയാൽ അത് ആരായാലും തീയേറ്ററിൽ പോയിക്കാണും. നല്ലതല്ലെങ്കിൽ കാണില്ല, ഒരുരീതിയിലും കിടന്നു കരഞ്ഞിട്ട് കാര്യമില്ല, ഒരാളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നല്ലതല്ലെങ്കിൽ ആ സിനിമ തീയേറ്ററിൽ ഓടില്ല.
ഞാൻ മുൻപ് അഭിനയിച്ച സിനിമകളിലൊക്കെ എനിക്ക് അവസരം കിട്ടിയത് എന്നെപ്പോലെയുള്ള ആൾക്ക് ഏറ്റവും വലിയ കാര്യമാണ്. അങ്ങനെ സിനിമാമേഖലയിൽ വരാനോ അല്ലെങ്കിൽ അവസരം കിട്ടാനോ ഒരു സാധ്യതയും ഒരുരീതിയിലും ഇല്ലാത്ത അവസ്ഥയിൽനിന്ന് വരുന്ന ആളാണ് ഞാൻ. എന്റെ സിനിമകൾ ഷൂട്ട് ചെയ്ത് പുറത്തുവന്നതുതന്നെ ഏറ്റവും വലിയ മഹാഭാഗ്യം.
പിന്നെ അതുകഴിഞ്ഞ് പ്രേക്ഷകർ നല്ലതും മോശമായിട്ടാണെങ്കിലും അഭിപ്രായങ്ങൾ പറയുക എന്നത് സിനിമ കണ്ടു എന്നുള്ളതാണ്. ചിലപ്പോൾ ചില സമയം തീയേറ്ററിൽ ഒരു ബ്ലോക്ക് ബസ്റ്ററോ അല്ലെങ്കിൽ ഭയങ്കരമായിട്ട്, ഉദാഹരണം പറഞ്ഞാൽ ആർഡിഎക്സ് പോലെയൊക്കെയുള്ള വളരെ സെൻസേഷൻ ആയിട്ട് ഓടിയ സിനിമയുടെ ഭാഗമാകാൻ പറ്റിയില്ലെങ്കിലും പലപ്പോഴും ചിലപ്പോൾ ഇന്നത്തെ സമൂഹമാധ്യമങ്ങളുടെ മുന്നേറ്റം കൊണ്ടായിരിക്കാം ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ ആ സിനിമയിൽ എന്തെങ്കിലുമൊരു ക്വാളിറ്റി ഉണ്ടെങ്കിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നപോലെ തോന്നിയിട്ടുണ്ട്. ഇന്ന് യുട്യൂബിൽ വന്നിട്ടായാലും ഒടിടിയിൽ വന്നിട്ടായാലും ചെയ്ത വർക്ക് നല്ലതാണെങ്കിൽ നല്ലത് ജീവിതകാലം മുഴുവൻ കേൾക്കും, മോശമാണെങ്കിൽ ജീവിതകാലം മുഴുവൻ ട്രോളും കേൾക്കും. ആ ഒരു അവസ്ഥ ശരിക്കും നല്ലരീതിയിൽ നടക്കുന്ന സമയമാണിത്”