തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ അടുത്തകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് വിജയ് നായകനായ ചിത്രം ‘ലിയോ’. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്തിയ ചിത്രം ഇന്ന് പ്രദർശനത്തിനെത്തിയിരുന്നു. ആരാധകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ എത്തുന്ന ചിത്രത്തിന് വളരെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ അഡ്വാന്‍സ് ബുക്കിംഗില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഇതിനകം ചിത്രം. എന്നാല്‍ ഇപ്പോഴിതാ നിര്‍മ്മാതാക്കളെ അങ്കലാപ്പിലാക്കിക്കൊണ്ട് ചിത്രത്തിലെ ചില രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
ഒരു സിനിമ ഇറങ്ങിയാൽ അതിന്റെ തീയേറ്റർ പ്രിന്റും തൊട്ടും പിന്നാലെ എത്താറുണ്ട്. ഹെെടെക്നോളജിയുടെ ഈ കാലത്തു ഇത്തരം പ്രിന്റുകൾ സ്വാഭാവികമാണ്. നിയമങ്ങൾ പലതും വന്നെങ്കിലും വലിയ മാറ്റമില്ല. അതിനുദാഹരണമാണ് സമൂഹമാധ്യമമായ എക്‌സിൽ പ്രചരിക്കുന്ന ലിയോയുടെ ചില രംഗങ്ങൾ. പ്രദശനത്തിനു എത്തുന്നതിനു മുൻപുതന്നെ ഈ രംഗങ്ങൾ പ്രചരിച്ചിരുന്നു. ട്രേഡ് അനലിസ്റ്റ് ആയ മനോഭാല വിജയബാലൻ ഉൾപ്പെടെ ഉള്ളവർ ഇത് സ്ഥിരീകരിക്കുന്നുണ്ട്.
Leo High Quality print LEAKED online.
SHOCKING
SHOCKING
SHOCKING…
— Manobala Vijayabalan (@ManobalaV) October 19, 2023
ഏതോ ഒരു തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച 9 സെക്കന്‍ഡും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് എക്സില്‍ പ്രധാനമായും പ്രചരിക്കുന്നത്. സെന്‍സറിംഗിനോ മറ്റോ ഉള്ള പ്രിവ്യൂവിന്‍റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തിന് ഇടയില്‍ ചിത്രീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളാണ് എക്സിൽ ചോര്‍ന്നിരിക്കുന്നത്. ലീക്ക്ഡ് എന്ന ഹാഷ് ടാഗോടെയാണ് പുറത്തെത്തിയ രംഗങ്ങൾ പ്രചരിക്കപ്പെടുന്നത്. എക്സില്‍ ഇതിനകം 76,000ല്‍ അധികം പോസ്റ്റുകള്‍ ഈ ഹാഷ് ടാഗോടെ എത്തിയിട്ടുണ്ട്. കൂടുതല്‍ പോസ്റ്റുകളും ലിയോ രംഗങ്ങൾ അടങ്ങുന്ന വീഡിയോ ഉള്ളതാണ്.
അതേസമയം വിജയ് ആരാധകര്‍ വളരെ വൈകാരികതയോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. ഇത്രയും മനുഷ്യരുടെ ദീര്‍ഘനാളത്തെ അധ്വാനത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടുള്ള പ്രവൃത്തി അവസാനിപ്പിക്കണമെന്ന് എക്സില്‍ ആഹ്വാനം ഉയരുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയുമായി നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്സ് ഹാന്‍ഡിലുകള്‍ സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇതിനെ പ്രതിരോധിക്കുന്നത്. ബ്ലോക്ക് എക്സ്, മാസ്ബങ്ക് ആന്‍റിപൈറസി തുടങ്ങിയ ആന്‍റി പൈറസി കമ്പനികള്‍ക്കാണ് ഇതിനെതിരെ നടപടി എടുക്കാനുള്ള ചുമതല നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്. ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്സ് ഹാന്‍ഡിലുകള്‍ തങ്ങളെ അറിയിക്കണമെന്ന് അവര്‍ നിർദേശമറിയിച്ചിട്ടുണ്ട്.
അതേസമയം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയിലേക്ക് വരുമ്പോൾ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാം പകുതിയാണ് സിനിമയുടെ ഹൈലൈറ്റ്. ഒട്ടുമിക്ക അഭിമുഖങ്ങളിലും ലോകേഷ് പറഞ്ഞതുപോലെ സിനിമയിലെ ആദ്യ പത്ത് മിനിറ്റ് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് സമ്മാനിക്കുന്നത്. ട്രെയിലറിലും മറ്റും കണ്ടതുപോലെ ഹൈനയുമായുള്ള രംഗങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ലോകേഷ് ഒരുക്കിയിട്ടുണ്ട്.ചിത്രത്തിൻറെ മുൻപോട്ടുള്ള യാത്രയ്ക്ക് ഈ രംഗങ്ങൾ ആവശ്യവുമാണ്.