തെന്നിന്ത്യയിൽ മാത്രമല്ല മറ്റു ഇൻഡസ്ട്രികളിലും വലിയ ഹൈപ്പോടുകൂടി പ്രദർശനത്തിനെത്തിയ ചിത്രമാണ് ‘ലിയോ’. വിജയ് ലോകേഷ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ഒക്ടോബർ 19 നാണ് പ്രദർശനത്തിനെത്തിയത്. ആദ്യദിനം തന്നെ റെക്കോർഡ് കളക്ഷനാണ് ലിയോ സ്വന്തമാക്കിയത്. എന്നാലിപ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് ലിയോയുടെ കളക്ഷനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ലിയോ ആയിരം കോടി നേടില്ലെന്നാണ് നിർമ്മാതാവ് ലളിത് കുമാർ പറയുന്നത്.

ആദ്യ ദിനം 148 കോടിക്ക് മുകളിലായിരുന്നു ചിത്രം ആഗോളതലത്തിൽ നേടിയത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ . എന്നാല്‍ ആയിരം കോടി എന്ന സ്വപ്‌ന നമ്പറിലേക്ക് ‘ലിയോ’ എത്തില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് എസ്എസ് ലളിത് കുമാര്‍ ഇപ്പോൾ പറയുന്നത്. ലോകേഷ് കനകരാജും വിജയിയും വീണ്ടും ഒന്നിച്ച ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരിലേക്ക് എത്തിയത്. തമിഴില്‍ നിന്നും ആദ്യമായി ആയിരം കോടി നേടുന്ന ചിത്രമാകും ‘ലിയോ’ എന്നാണ് മിക്ക ആളുകളും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അത്ര വലിയ കളക്ഷന്‍ ചിത്രം നേടില്ല എന്നാണ് നിര്‍മാതാവ് തന്നെ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ വലിയ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നാണ് ലളിത് കുമാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ തന്നെ ലിയോ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ആരാധകരും വലിയ ആവേശത്തിലായിരുന്നു. വിക്രത്തിന്റെ വിജയത്തിന് ശേഷമുള്ള ലോകേഷ് ചിത്രം എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ സെക്കന്‍ഡ് ഹാഫ് പലരേയും നിരാശരാക്കിയെന്നും റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്. വിജയ് എന്ന നടന് കഴിയില്ലെന്ന് പല ആളുകളും പറഞ്ഞിരുന്ന പലതും ഈ സിനിമയിലൂടെ തെളിയിച്ചുകൊടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ആരാധകർ പറഞ്ഞത്.

അതേസമയം, ബോക്സ് ഓഫീസിൽ തരംഗം സൃഷ്ട്ടിച്ച ‘ജയിലറി’നെയും ‘ജവാനെയും’ ‘പഠാനെ’യുമാണ് ‘ലിയോ’ കടത്തിവെട്ടിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായെത്തിയ പഠാൻ ആയിരം കോടി ക്ലബിൽ എത്തിയിരുന്നു. അതോടൊപ്പം അറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തിയ ജവാനും ആയിരം കോടി ക്ലബിൽ എത്തിയിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നു മാത്രം ചിത്രം ആദ്യ ദിനം നേടിയത് പത്ത് കോടിക്കു മുകളിലാണ്. കേരളത്തിൽ നിന്നു മാത്രമായി 11 കോടിയും തമിഴ്നാട്ടിൽ നിന്ന് 30 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത്.

