ദുൽഖർ സൽമാൻ നായകനായെത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.വിനായക ചതുർഥിയോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.ദുൽഖർ സൽമാൻ,നായികയായ മീനാക്ഷി ചൗധരി എന്നിവരും ഇവരുടെ കഥാപാത്രങ്ങളുടെ മകനായെത്തുന്ന കുട്ടിയുമുൾപ്പെടുന്ന ഒരു ഫാമിലി പോസ്റ്ററാണ് ഇത്തവണ പുറത്ത് എത്തിയിരിക്കുന്നത്.
1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം, പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സൈറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ലക്കി ഭാസ്കർ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
View this post on Instagram
‘വാത്തി’ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്ക്കറിന് സംഗീതം പകരുന്നത്. വാത്തി ചിത്രത്തിന് വേണ്ടി ചാർട്ട്ബസ്റ്റർ ആൽബം ഒരുക്കിയതും ജി വി പ്രകാശ് കുമാറായിരുന്നു. ഛായാഗ്രഹണം ചെയ്യുന്നത് നിമിഷ് രവിയാണ്. ചിത്രസംയോജനം നിർവ്വഹിക്കുന്നത് നവിൻ നൂലിയും, പ്രൊഡക്ഷൻ ഡിസൈനർ ആയെത്തുന്നത് ബംഗ്ലാനുമാണ്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിക്കുന്നത്.
അതേസമയം, ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രമാണ് ദുൽഖറിന്റെതായി ഏറ്റവും അവസാനം പുറത്തെത്തിയ ചിത്രം. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച സിനിമ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തിയത്. മമ്മൂട്ടിക്കൊപ്പം നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജോഷി. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ശക്തവും മാസുമായ കഥാപാത്രമായിരുന്നു കിംഗ് ഓഫ് കൊത്തയിലേത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന പ്രത്യേകത കൂടി കിംഗ് ഓഫ് കൊത്തക്കുണ്ട്.