ദുൽഖർ നായകനായി,വെങ്കി അറ്റ്‌ലൂരി തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ചിത്രം ലക്കി ഭാസ്കകറിലെ ആദ്യ ഗാനം ‘മിണ്ടാതെ’ പുറത്തിറങ്ങി.വൈശാഖ് സുഗുണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജിവി പ്രകാശ് കുമാറാണ്.യാസിൻ നിസാറും ശ്വേതാ മോഹനുമാണ് ആലപിച്ചിരിക്കുന്നത്. ലിറിക്കൽ വീഡിയോ ഗാനം പ്രധാനമായും ദുൽഖറും മീനാക്ഷി ചൗധരിയും തമ്മിലുള്ള പ്രണയമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ‘ലക്കി ഭാസ്‌കർ’ എന്ന ചിത്രത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ചിത്രത്തിൽ ദൃശ്യാവിഷ്ക്കരിക്കുന്നത് എന്നാണ് വിവരങ്ങൾ. ഒരു സാധാരണക്കാരനായ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ദുൽഖറിന്റെ കഥാപാത്രം പിന്നീട് ഒരു ആകാംഷ ഉണർത്തുന്ന കഥാപാത്രമായി മാറുന്നുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി ലക്കി ഭാസ്ക്കറിൽ അവതരിപ്പിക്കുന്നത്.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ദുൽഖർ സൽമാന്റെ ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ്.
View this post on Instagram
‘വാത്തി’ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്ക്കറിന് സംഗീതം പകരുന്നത്. വാത്തി ചിത്രത്തിന് വേണ്ടി ചാർട്ട്ബസ്റ്റർ ആൽബം ഒരുക്കിയതും ജി വി പ്രകാശ് കുമാറായിരുന്നു. ഛായാഗ്രഹണം ചെയ്യുന്നത് നിമിഷ് രവിയാണ്. ചിത്രസംയോജനം നിർവ്വഹിക്കുന്നത് നവിൻ നൂലിയും, പ്രൊഡക്ഷൻ ഡിസൈനർ ആയെത്തുന്നത് ബംഗ്ലാനുമാണ്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിക്കുന്നത്.
അതേസമയം, ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രമാണ് ദുൽഖറിന്റെതായി ഏറ്റവും അവസാനം പുറത്തെത്തിയ ചിത്രം. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച സിനിമ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തിയത്. മമ്മൂട്ടിക്കൊപ്പം നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജോഷി. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ശക്തവും മാസുമായ കഥാപാത്രമായിരുന്നു കിംഗ് ഓഫ് കൊത്തയിലേത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന പ്രത്യേകത കൂടി കിംഗ് ഓഫ് കൊത്തക്കുണ്ട്.