ചന്ദ്രമുഖി 2വിന്റെ റിലീസ് മാറ്റിവെച്ചെന്ന് ലൈക്ക പ്രൊഡക്ഷന്‍സ്

0
146

തമിഴില്‍ ഇറങ്ങാന്‍ പോകുന്ന ചിത്രങ്ങളില്‍ വലിയ പ്രതീക്ഷയുള്ള സിനിമയാണ് ചന്ദ്രമുഖി 2. രജനികാന്തും ജ്യോതികയും തകര്‍ത്തഭിനയിച്ച ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണിത്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ നായകനായി എത്തുന്നത് രാഘവ ലോറന്‍സ് ആണ്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനവുമായാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ എത്തിയിരിക്കുന്നത്.

ചന്ദ്രമുഖി 2വിന്റെ റിലീസ് മാറ്റി വച്ചതായി ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചു. സെപ്റ്റംബര്‍ 15ന് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ റിലീസ് മാറ്റുകയായിരുന്നു. ഇനി സെപ്റ്റംബര്‍ 28ന് ആകും ചന്ദ്രമുഖി 2 പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ആകും സിനിമ റിലീസിന് എത്തുക. പി വാസുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു ചന്ദ്രമുഖി. 17 വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ രണ്ടാം ഭാഗം വരുന്നത്. വളരെക്കാലത്തിന് ശേഷം തന്റെ തട്ടകമായ കോമഡി വേഷത്തിലേക്ക് വടി വേലു തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്.

ചന്ദ്രമുഖി 2വിന് സംഗീതം നല്‍കുന്നത് ഓസ്‌കാര്‍ ജേതാവ് എം എം കീരവാണിയാണ്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ ആണ്. കലാസംവിധാനം തോട്ട തരണി. ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, സുരേഷ് മേനോന്‍, ശത്രു, ടി എം കാര്‍ത്തിക് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

മലയാളത്തില്‍ ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴി’ന്റെ തമിഴ് റീമേക്ക് ആയിരുന്നു ‘ചന്ദ്രമുഖി’. അതിന്റെ രണ്ടാം ഭാഗമായാണ് പുതിയ താരനിര അണിനിരക്കുന്ന ‘ചന്ദ്രമുഖി 2’ ഇറങ്ങുന്നത്. രാഘവ ലോറന്‍സും കങ്കണയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് . ഒരു ദിവസത്തിനുള്ളില്‍ തന്നെ 40ലക്ഷത്തിലധികം കാണികളെ ആണ് സിനിമയുടെ ട്രെയ്‌ലര്‍ നേടിയിരിക്കുന്നത്.

സണ്‍ ടിവി യുട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ചാനലിലൂടെ ട്രെയിലര്‍ ലോഞ്ചിങ് പരിപാടിയുടെ ലൈവ് ദൃശ്യങ്ങളും പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരുന്നു. ഒരു പ്രശ്‌നം തീര്‍ക്കാനായി പഴയ ആ വലിയ വീട്ടിലേക്ക് പുതിയ കുടുംബാംഗങ്ങള്‍ തിരിച്ചെത്തുന്നതും, പിന്നീട് അവിടെയുണ്ടാകുന്ന സംഭവങ്ങളുമാണ് കഥയെന്നാണ് ട്രെയിലറിലൂടെ നല്‍കുന്ന സൂചന. കങ്കണയുടെ നൃത്തവും, അഭിനയവുമെല്ലാം വളരെ ആകാംഷ ബാക്കി വെയ്ക്കുന്നതരത്തിലാണ് ട്രെയിലറില്‍ കാണിക്കുന്നത്.

മണിച്ചിത്രത്താഴില്‍ പറയുന്ന പഴങ്കഥയായ ശങ്കരന്‍ തമ്പിയുടെയും നാഗവല്ലിയുടെയും ജീവിതമാണ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ കഥാപശ്ചാത്തലമാകുന്നത്. തമിഴില്‍ വേട്ടയ്യന്‍ എന്നാണ് ശങ്കരന്‍ തമ്പിയുടെ കഥാപാത്രത്തിന് നല്‍കിയിരുന്ന പേര്. ചന്ദ്രമുഖിയില്‍ വേട്ടയ്യനായി വേഷം കെട്ടിയ രജനിയുടെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചന്ദ്രമുഖി 2വില്‍ രാഘവ ലോറന്‍സ് ആണ് വേട്ടയ്യനായി വേഷമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here