ഭിന്നശേഷിക്കാര്‍ക്ക് സഹായഹസ്തവുമായി മമ്മൂട്ടി; ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം മലപ്പുറത്തും

0
192

ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്ത് നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. പ്രമുഖ ഐടി കമ്പനി യുഎസ്ടി ഗ്ലോബലിന്റെ സഹായത്തോടെയുള്ള ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള പത്തോളം ഭിന്നശേഷിക്കാരായ ആളുകള്‍ക്കാണ് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തത്.

അതേസമയം, നേരത്തെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയില്‍ നിര്‍വഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയില്‍ ചടങ്ങ് സംഘടിപ്പിച്ചത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ ഇത്തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കേരളത്തിനും പ്രയോജനം ചെയ്യുന്നുണ്ടെന്നും അവ ഒത്തിരിയേറെ സന്തോഷം തരുന്നുണ്ടെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇതുപോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള മമ്മൂട്ടിയുടെ മനസ്സിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വാഹിദ് മാവുങ്കല്‍, പ്രൊജക്റ്റ് ഓഫീസര്‍ അജ്മല്‍ ചക്കരപ്പാടം എന്നിവര്‍ സംസാരിച്ചു. കെയര്‍ ആന്‍ഡ് ഷെയറിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ചടങ്ങില്‍ അഭിനന്ദനം ലഭിച്ചു. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം കുന്നുംപുറം, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷമീര്‍ വളാഞ്ചേരി, സെക്രട്ടറി ഷമീര്‍ മഞ്ചേരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


അതേസമയം, മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. അഭിനയത്തിന് പുറമെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് സൂപ്പര്‍താരം. നിര്‍ദ്ധനരായ കിടപ്പുരോഗികള്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയാണ് മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി. കേരളത്തിലുടനീളം പദ്ധതി ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അംഗപരിമിതര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ചാണ് കെയര്‍ ആന്‍ഡ് ഷെയര്‍ പുതിയ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിരിക്കുന്നത് . നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും യുഎസ്ടി ഗ്ലോബല്‍, കൈറ്റ്സ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകള്‍ക്കുള്ള റോബോട്ടിക് /ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തത്.

പദ്ധതിയുടെ വിതരണ ഉദ്ഘാടനം കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സ്ഥാപകനായ മമ്മൂട്ടി, മലപ്പുറം പൊന്നാനിയില്‍ നിന്നുള്ള അബൂബക്കറിന് വീല്‍ചെയര്‍ നല്‍കി നിര്‍വഹിച്ചു. ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് ഇലക്ട്രിക് വീല്‍ചെയറിന്റെ വിതരണം. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തമായ മറ്റൊരു പദ്ധതിയാണ് ഇലക്ട്രിക് വീല്‍ചെയറുകളുടെ വിതരണം.ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ. റ്റി കമ്പനികളില്‍ ഒന്നായ യുഎസ്ടി ഗ്ലോബല്‍ ആണ് ഇലക്ട്രിക് വീല്‍ചെയര്‍ കെയര്‍ ആന്‍ഡ് ഷെയറിന് നല്‍കുന്നത്.

നേരത്തെ, മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ആ ‘ശ്വാസം’ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം വെട്ടിയാട് എം ജി എം സ്‌കൂളില്‍ ജൂലൈ 26 ന് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചിരുന്നു.പരിപാടിയില്‍ മമ്മൂട്ടി സ്ഥാപിച്ച കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ വൈസ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ മുണ്ടക്കല്‍ ഗ്രാമ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിനും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറിയാണ് തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചത്.

കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ ആ”ശ്വാസം” പദ്ധതി മലപ്പുറത്തും തുടങ്ങിയിരുന്നു. മമ്മൂട്ടി ഫാന്‍സ് & വെല്‍ഫയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലകമ്മിറ്റിയും മഞ്ചേരി, പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റികളും, രാജഗിരി ഹോസ്പിറ്റലും സംയുക്തമായി ആ’ശ്വാസം’ പദ്ധതിയുടെ ഭാഗമായി മഞ്ചേരി ചെരണി പാലിയേറ്റീവ്, തിരൂര്‍ക്കാട് പാലിയേറ്റീവ് ക്ലിനിക്കുകള്‍ക് കീഴിലുള്ള കിടപ്പ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ കോണ്‍സെന്‌ട്രേറ്റര്‍ സൗജന്യമായി നല്‍കിയിരുന്നു .പഠനത്തില്‍ മികവ് പുലര്‍ത്തുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ കുട്ടികള്‍ക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ സഹായം നല്‍കിയിരുന്നു .

പ്ലസ് ടു വിജയിച്ച സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂയൂഷന്‍സുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍. 200 വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട് .എന്‍ജിനീയറിങ്, ഫാര്‍മസി, ബിരുദ, ഡിപ്ലോമ കോഴ്സുള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here