‘കണ്ണൂർ സ്ക്വാഡ്’ സെപ്തംബറിലെത്തുമോ? ആകാംഷയോടെ ആരാധകർ

0
332

വാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന ചില പുതിയ വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. ‘കണ്ണൂർ സ്ക്വാഡ്’ സെപ്റ്റംബർ 28ന് തീയേറ്ററുകളിലെത്തുമെന്നാണ് സമൂഹമാധ്യമങ്ങളിൽ വരുന്ന പോ​സ്റ്റുകൾ സൂചിപ്പിക്കുന്നത്.

 എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന സിനിമയുടെ റിലീസ് തീയതിയുമായി ബന്ധപ്പെട്ട് ഔദ്യോ​ഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ എവിടെയും വന്നിട്ടില്ല. അതേസമയം സിനിമയുടേതായി വരുന്ന ഓരോ വാർത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അടുത്തകാലത്തായി നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച്ചവെച്ചത്. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ മറ്റൊരു മാസ് വരവ് തന്നെയാകും കണ്ണൂർ സ്ക്വാഡിലേത് എന്നാണ് പ്രതീക്ഷകൾ. അതുകൊണ്ടാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.

കേരളത്തിൽ മാത്രം 300 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇങ്ങനെ പല ഊഹങ്ങളും നിലനിൽക്കുന്നതുകൊണ്ട് ചിത്രത്തിന്റെ റിലീസ് വിവരം ഔദ്യോ​ഗികമായി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. കൂടാതെ മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 7ന് ചിത്രത്തി​ന്റെ ടീസർ പുറത്തുവരുമെന്നും ചില വാർത്തകൾ വരുന്നുണ്ട്. ചിത്രം ആ​ഗ​സ്റ്റിൽ പ്രദർശനത്തിനെത്തുമെന്ന് മുൻപ് വാർത്തകൾ വന്നിരുന്നു.

കണ്ണൂർ സ്ക്വാഡി​ന്റെ ചിത്രീകരണത്തിന് പാക്കപ്പ് പറഞ്ഞത് ഇക്കഴിഞ്ഞ ഏപ്രിൽ 7നാണ് . ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് മുഹമ്മദ് ഷാഫിയാണ്. അദ്ദേഹത്തോടൊപ്പം തിരക്കഥ ഒരുക്കാൻ നടന്‍ റോണി ഡേവിഡ് രാജും ഉണ്ടായിരുന്നു. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണിത്, എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് വേഫെറര്‍ ഫിലിംസ് ആണ്. അമിത് ചക്കാലയ്ക്കൽ, ഷറഫുദ്ദീൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നവർ.

ചിത്രത്തി​ന്റെ ഫ​സ്റ്റ് ലുക്കും സെക്ക​ന്റ് ലുക്കും അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. കൂടാതെ മമ്മൂട്ടിയുടെ പുതിയനിയമം, ദി ഗ്രേറ്റ് ഫാദർ എന്നീ സിനിമകളുടെ ഛായഗ്രഹകനായിരുന്ന റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകൻ എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here