മമ്മൂട്ടി വില്ലൻ കഥാപാത്രമായെത്തുന്ന പുതിയ സിനിമയാണ് ‘ഭ്രമയുഗം’. ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണിപ്പോൾ.
രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അസാധാരണമായി ചിരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് സ്പെഷ്യൽ
പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ഈ പോസ്റ്ററിന് വൻ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
View this post on Instagram
വന്യമായ ചിരിയാണ് പോസ്റ്ററിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാവം. ഒരു നെഗറ്റീവ് ചായ്വിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത് . നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ദുർമന്ത്രവാദിയാണ് മമ്മൂട്ടിയുടെ കഥാപാത്രം എന്നാണ് സൂചന. പൂർണ്ണമായും ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
വൈ നോട്ട് സ്റ്റുഡിയോസ് എന്ന കമ്പനിയുടെ പുതിയ പ്രൊഡകഷൻ കമ്പനി ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് “ഭ്രമയുഗം” എന്ന ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ കൂടാതെ മറ്റ് നാല് ഭാഷകളിലും ചിത്രം റിലീസിന് എത്തും. ഇതിനുമുൻപ് വിധേയൻ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി വില്ലൻ വേഷങ്ങളാണ് ചെയ്തിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ റോഷാക്കിലും പുഴുവിലും ഗ്രേ ഷേഡുള്ള കഥാപാത്രങ്ങളിലാണ് മമ്മൂട്ടി എത്തിയിരുന്നത് . പുതിയ സിനിമയായ “ഭ്രമയുഗം” ത്തിലും നടൻ
വില്ലനായി തകർക്കുമെന്നാണ് ആരാധകർ ഇതിനോടകം പറയുന്നത്.
ശ്രദ്ധേയ പ്രോജക്റ്റുകളാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തെത്താനുള്ളത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ, നവാഗത സംവിധായകൻ റോബി വർഗീസ് രാജിൻറെ കണ്ണൂർ സ്ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനിരിക്കുന്ന പുതിയ ചിത്രങ്ങൾ.കാതൽ ദി കോറിൽ ജ്യോതികയാണ് നായികയായി മമ്മൂട്ടിക്കൊപ്പം എത്തുക.
മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസ്സാണ് ഛായാഗ്രാഹകൻ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. എംടി വാസുദേവൻ നായരുടെ കൃതികളെ ആസ്പദമാക്കിയുള്ള ആന്തോളജിയിലെ ഒരു പ്രധാന ഭാഗത്തിലും മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കടുഗണ്ണാവ ഒരു യാത്ര എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണിത്.