‘ഭ്രമയുഗം’ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് മമ്മൂട്ടി

0
274

സെപ്റ്റംബർ 7 നായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം ജന്മനദിനം. നിരവധി താരങ്ങളാണ് പ്രിയനടന്റെ പിറന്നാൾദിനത്തിൽ ആശംസകൾ നേർന്ന് കുറിപ്പ് പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ പുതിയ ചിത്രമായ ‘ഭ്രമയുഗത്തിന്റെ’ സെറ്റിൽ വച്ച് അണിയറപ്രവർത്തകരോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന അർജുൻ അശോകനും ആഘോഷത്തിൽ പങ്കാളിയായിരുന്നു. മമ്മൂട്ടിയുടെ പേർസണൽ അസ്സിസ്റ്റന്റും, മെയ്ക്കപ്പ്മാനും കൂടിയായ ജോർജ് എസ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, രാഹുൽ സദാ ശിവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി വില്ലൻ കഥാപാത്രമായെത്തുന്ന പുതിയ സിനിമയാണ് ‘ഭ്രമയുഗം’. ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. അസാധാരണമായി ചിരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് സ്പെഷ്യൽ പോ​സ്റ്ററിൽ കാണിച്ചിരുന്നത്. പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ഈ പോ​സ്റ്ററിന് വൻ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം ഇറങ്ങിയ പോസ്റ്ററിന് പിന്നാലെ പോസ്റ്ററിന്റെ പൂർണമായ പതിപ്പ് പിന്നണിയിലുള്ളവർ പുറത്തിറക്കിയിരുന്നു. മമ്മൂട്ടിയും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുതിയ പോസ്റ്റർ പങ്കു വെച്ചിട്ടുണ്ട്.

ആദ്യം പുറത്തിറക്കിയ പോസ്റ്ററിൽ മമ്മൂട്ടിയുടെ മുഖത്തിന്റെ ഒരു ഭാഗം മാത്രം കാണുന്ന ക്ലോസപ്പ് ചിത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാൽ രണ്ടാമതായി പുറത്തിറക്കിയ ചിത്രത്തിൽ ഇതേ ചിത്രത്തിന്റെ പൂർണ രൂപമാണുള്ളത്. വില്ലൻ ചിരിയുമായി കസേരയിലിരിക്കുന്നചിത്രം വിധേയനിലെ മമ്മൂട്ടിയെ ഓർമ്മിപ്പിക്കുന്നതാണ്.

ചിത്രത്തിൽ ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത്. നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ദുർമന്ത്രവാദിയാണ് മമ്മൂട്ടിയുടെ കഥാപാത്രം എന്നാണ് സൂചന. പൂർണ്ണമായും ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വൈ നോട്ട് സ്റ്റുഡിയോസ് എന്ന കമ്പനിയുടെ പുതിയ പ്രൊഡകഷൻ കമ്പനി ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് “ഭ്രമയുഗം” എന്ന ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ കൂടാതെ മറ്റ് നാല് ഭാഷകളിലും ചിത്രം റിലീസിന് എത്തും. ഇതിനുമുൻപ് വിധേയൻ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി വില്ലൻ വേഷങ്ങളാണ് ചെയ്തിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ റോഷാക്കിലും പുഴുവിലും ഗ്രേ ഷേഡുള്ള കഥാപാത്രങ്ങളിലാണ് മമ്മൂട്ടി എത്തിയിരുന്നത് . പുതിയ സിനിമയായ “ഭ്രമയുഗം” ത്തിലും നടൻ വില്ലനായി തകർക്കുമെന്നാണ് ആരാധകർ ഇതിനോടകം പറയുന്നത്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here