പത്മരാജന്റെ കഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ് ചിത്രത്തിന് വിജയാശംസകൾ നേർന്ന് പ്രിയനടൻ മമ്മൂട്ടി.വീഡിയോയിലൂടെയാണ് തന്റെ പ്രിയപ്പെട്ട സുഹൃത്തായ രാജശേഖരന്റെ ആദ്യ സിനിമാ സംരഭത്തിന് നടൻ ആശംസകൾ അറിയിച്ചത്.
”പ്രാവ്” സിനിമക്ക് സുഹൃത്തും നടനുമായ മമ്മൂട്ടി നൽകിയ പ്രോത്സാഹനത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചും നിർമ്മാതാവ് പി ആർ രാജശേഖരൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു .സിനിമ എടുക്കണമെന്ന ആഗ്രഹവുമായി മമ്മൂക്കയെ സമീപിച്ചപ്പോൾ മറുപടി ലഭിച്ചില്ലെന്നും നിരന്തരം പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിൻറെ പിന്തുണ ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് ‘പ്രാവ്’ എന്ന ചിത്രം ഒരുങ്ങുന്നത്. അമിത് ചക്കാലക്കൽ, സാബുമോൻ അബ്‍ദുസമദ്, നിഷാ സാരംഗ്, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നീ താരങ്ങളെല്ലാം പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട് . ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ആന്റണി ജോ ആണ്. അനീഷ് ഗോപാൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ , വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് അരുൺ മനോഹറും, മേക്കപ്പ് ചെയ്തിരിക്കുന്നത് ജയൻ പൂങ്കുളവുമാണ്.ചിത്രത്തിലെ അന്തികള്ളു പോലെ’ എന്ന് തുടങ്ങുന്ന ഗാനം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.നാടൻ പാട്ടിന്റെ ഈണത്തിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്.മനോരമ മ്യൂസിക്കിന്റെ യൂട്യൂബിലൂടെ പുറത്തിറങ്ങിയ ഗാനം ഇതിനോടകം നിരവധിയാളുകൾകണ്ടു കഴിഞ്ഞു.
ചീഫ് അസോസിയേറ്റ് ഡയറക്ടറായി ഉണ്ണി കെ ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളറായി ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനറായി കരുൺ പ്രസാദും എത്തുന്നു. സെപ്‍തംബർ 15ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് വേഫേറെർ ഫിലിംസ് ആണ്.
അതേസമയം അമിത് ചക്കാലക്കൽ നായകനായി ഇറങ്ങാനിരിക്കുന്ന മറ്റൊരു മലയാള ചിത്രമാണ് ‘അസ്ത്ര’. ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വയനാടൻ വനത്തിനുള്ളിലെ മാവോയിസ്റ് ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും കഥ പറയുന്ന സിനിമയിൽ ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. വനത്തിനുള്ളിലെ നിഗൂഢത നിറഞ്ഞ പശ്ചാത്തലത്തിലൂടെയാണ് അസ്ത്രയുടെ ട്രെയ്‌ലർ ആരംഭിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതം ട്രെയ്‌ലറിനെ ഭംഗിയാക്കുന്നുണ്ട്.
അമിത് ചക്കാലക്കൽ നായകകഥാപാത്രമായി വേഷമിട്ട് അവസാനം പ്രദർശനത്തിനെത്തിയ ചിത്രം ‘സന്തോഷ’മാണ്. അജിത്ത് വി തോമസായിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരുന്നത് . ചിത്രത്തിൽ അനു സിത്താര നായികയായി എത്തിയിരുന്നു.