എല്ലാ സിനിമകളുടെയും യഥാർത്ഥ വസ്തുത എന്ന് പറയുന്നത് പ്രേക്ഷകരെ രസിപ്പിക്കുക എന്നാണെന്ന് ‘പ്രാവ്’ സിനിമയുടെ സംവിധായകൻ നവാസ് അലി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
നവാസ് അലിയുടെ വാക്കുകൾ…
“സിനിമ എന്തായാലും ഇപ്പോൾ ആർഡിഎക്സ് ആണെങ്കിലും എല്ലാത്തിന്റെയും വസ്തുത എന്ന് പറയുന്നത് രസിപ്പിക്കുക എന്നതാണ്. അത് അടിയാണെങ്കിലും ഇടിയാണെങ്കിലും കരച്ചിൽ ആണെങ്കിലും രസിപ്പിക്കുക എന്നുള്ളതാണ്. ഒരു സംഘട്ടന സിനിമ കാണുന്ന അതേ രസത്തിൽ തന്നെ നമുക്ക് പ്രാവ് എന്ന സിനിമ കാണാൻ കഴിയും. അതിന്റെ സംഘട്ടനം എന്നുള്ളത് മാനസികസംഘർഷമാവാം, അല്ലെങ്കിൽ മറ്റ് ഇമോഷൻസ് ആവാം.
ഇപ്പോൾ കഥയുള്ള സിനിമ ഒന്നും വരുന്നില്ല അങ്ങനെ ചിന്തിക്കുന്നവർക്ക് ഇത് അങ്ങനെയൊരു സിനിമയാണ്. അല്ലാതെ ചിന്തിക്കുന്നവർക്ക് അവർക്കും എൻജോയ് ചെയ്യാനുളള ചിത്രം കൂടിയാണ് ഇത്. അപ്പോൾ മൊത്തത്തിൽ ത്രില്ലർ വിഭാഗത്തിൽപെടുത്താവുന്ന ഒരു സിനിമയാണ് ഇത്. ഈ രണ്ടേകാൽ മണിക്കൂർ ഒട്ടും ബോറടിക്കാതെ കാണാൻ പറ്റുന്ന എന്റെർറ്റൈൻമെന്റ് ചിത്രമാണ് പ്രാവ്”
അമിത് ചക്കാലക്കൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് പ്രാവ്. നവാസ് അലി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ എക്കാലത്തെയും അനശ്വര സംവിധായകനായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് ‘പ്രാവ്’ എന്ന ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.
നേരത്തെ നടൻ മമ്മൂട്ടി തന്റെ സോഷ്യൽമീഡിയ വഴി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങിയിരുന്നു. സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘അന്തികള്ളു പോലെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിബാൽ ആണ്. ബി.കെ. ഹരിനാരായണൻ ആണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അമിത് ചക്കാലക്കലിന് പുറമെ സാബുമോൻ അബ്‍ദുസമദ്, നിഷാ സാരംഗ്, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നീ താരങ്ങളെല്ലാം പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രമാണ് ‘പ്രാവ്’. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ആന്റണി ജോ ആണ്. അനീഷ് ഗോപാൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ , വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് അരുൺ മനോഹറും, മേക്കപ്പ് ചെയ്തിരിക്കുന്നത് ജയൻ പൂങ്കുളവുമാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടറായി ഉണ്ണി കെ ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളറായി ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനറായി കരുൺ പ്രസാദും എത്തുന്നു. സെപ്‍തംബർ 15ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് വേഫേറെർ ഫിലിംസ് ആണ്.