ഇന്ന് 72-ാം പിറന്നാൾ ആഘോഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഹാപ്പി ബർത്ഡേ ഡിയർ ഇച്ചാക്ക എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുനിൽകുന്ന ഒരു ചിത്രത്തിനൊപ്പമാണ് മോഹൻലാലിൻറെ ആശംസകൾ.
മലയാളസിനിമയുടെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരെയും ഒരുമിച്ചുകാണാൻ മലയാളികൾക്ക് ഏറെ ഇഷ്ടവുമാണ് . നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് എത്തിയിട്ടുമുണ്ട്. അതെല്ലാം തന്നെ വൻ വിജയങ്ങളായി മാറിയിരുന്നു. 1998 ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസിൽ ഇരുവരും ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകർ അത്രയധികം ആവേശത്തോടെയാണ് ഏറ്റെടുത്തത്.
എന്തിനോ പൂക്കുന്ന പൂക്കൾ, അവിടത്തെപ്പോലെ ഇവിടെയും, വാർത്ത, അഹിംസ തുടങ്ങി പല ചിത്രങ്ങൾ ഇവർ ഒരുമിച്ചെത്തിയ ചിത്രങ്ങളാണ്.
എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും പിറന്നാള്‍ ദിനത്തിൽ മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ആരാധകര്‍ ഒത്തുകൂടിയിരുന്നു . കാത്തിരിപ്പിന് ശേഷം മമ്മൂട്ടി ആരാധകരെ കാണാനെത്തുകയും ചെയ്തു. ഇത്തവണ അദ്ദേഹത്തിനൊപ്പം ആരാധകരെ കാണാന്‍ ദുല്‍ഖർ ഒപ്പം വരികയും കൈ വീശി കാണിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 10 മണി കഴിഞ്ഞപ്പോള്‍ തന്നെ പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് ആരാധകര്‍ എത്തിത്തുടങ്ങിയിരുന്നു. 12 മണി ആയപ്പോഴേക്കും മഴയെ പോലും അവഗണിച്ച് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആരാധകര്‍ നിറഞ്ഞുകവിഞ്ഞ കാഴ്ച്ചയായിരുന്നു അവിടെ.
അതേസമയം പിറന്നാൾദിനത്തിൽ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി വില്ലൻ കഥാപാത്രമായെത്തുന്ന പുതിയ സിനിമയാണ് ‘ഭ്രമയുഗം’. ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ ആണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അസാധാരണമായി ചിരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് സ്പെഷ്യൽ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ഈ പോസ്റ്ററിന് വൻ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വന്യമായ ചിരിയാണ് പോസ്റ്ററിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാവം. ഒരു നെഗറ്റീവ് ചായ്വിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത് . നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ദുർമന്ത്രവാദിയാണ് മമ്മൂട്ടിയുടെ കഥാപാത്രം എന്നാണ് സൂചന. പൂർണ്ണമായും ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭ്രമയുഗത്തിൽ മമ്മൂട്ടി വില്ലനായി തകർക്കുമെന്നാണ് ആരാധകർ ഇതിനോടകം പറയുന്നത്.