‘മലയാള സിനിമയെ കാർന്നുതിന്നുന്ന ഒന്നായി മാറിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ നിരൂപകർ’ : എൻ. അരുൺ

0
378

മൂഹമാധ്യമങ്ങളിലൂടെയുള്ള രൂക്ഷമായ സിനിമാ നിരൂപണങ്ങളെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് എഐവൈഎഫ് സംസ്ഥാന നേതാവ് എൻ. അരുൺ. ഈ ഓണക്കാലത്ത് പ്രദർശനത്തിനെത്തിയ നിവിൻ പോളി ചിത്രമാണ് ഹനീഫ് അദേനി ഒരുക്കിയ ‘രാമചന്ദ്രബോസ് ആൻഡ് കോ’. എന്നാൽ വളരെ മോശം രീതിയിലാണ് ചില റിവ്യുവർമാർ സിനിമയെ നിരൂപിച്ചത്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ സിനിമകളെ മോശമാക്കി നിരൂപണം നടത്തുന്നതിനെതിരെയാണ് എൻ അരുൺ ശബ്ദമുയർത്തിയത്.

വ്യക്തിപരമായ എതിർപ്പി​ന്റെ പേരിൽ എത്രയോ സിനിമകളെ ഇങ്ങനെയുള്ളവർ നശിപ്പിക്കുന്നുവെന്നും, കഴിഞ്ഞ ആഴ്ച റിലീസ് ആയ നിവിൻ പോളി ചിത്രം ‘രാമചന്ദ്രബോസ് ആൻഡ് കോ’ എന്ന സിനിമയെ എത്ര മോശമായാണ് ചില റിവ്യുവർമാർ ആക്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു. രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന സിനിമ, ഒരു മെച്ചപ്പെട്ട എന്റർടെയ്നർ സിനിമയാണെന്നാണ് ആ സിനിമ കണ്ട ഒരു പ്രേക്ഷകൻ എന്ന നിലയിൽ തനിക്ക് പറയാനുള്ളത്, എന്നാണദ്ദേഹത്തി​ന്റെ വിലയിരുത്തൽ. എന്നാൽ എന്തോ പക തീർക്കുന്ന പോലെ ഈ സിനിമയെയും, ഒപ്പം മികച്ച ചലച്ചിത്രകാരനായ ഹനീഫ് അദേനിയെയും, പ്രേക്ഷകരുടെ ഇഷ്ട നടനായ നിവിൻ പോളിയെയും ചിലർ സമൂഹ മാധ്യമത്തിലൂടെ പിച്ചിച്ചീന്തുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം വിമർശിച്ചു. മലയാള സിനിമയെയും, സിനിമാ വ്യവസായത്തെയും കാർന്നുതിന്നുന്ന ഒരു വലിയ വിപത്തായി സമൂഹ മാധ്യമ രംഗത്തെ ഒരു വിഭാഗം സിനിമാ നിരൂപകൻമാർ മാറുന്ന കാഴ്ച്ചയാണ് നാം കാണുന്നതെന്നും അരുൺ പറഞ്ഞു.

വലിയൊരു വിഭാ​ഗം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്ന ഒരു തൊഴിൽ മേഖല കൂടിയാണ് സിനിമാവ്യവസായം. ഒരു സിനിമ ഇറങ്ങിയാൽ നിരൂപണങ്ങൾ സാധാരണമാണ്, എന്നാൽ അവ സിനിമയെ തകർക്കുവാനുള്ള ഉപാധിയായാണ് ചില ആളുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അത്തരം മോശം പ്രവർത്തനങ്ങളിൽ കർശനമായ നടപടികൾ അനിവാര്യമാണെന്നും എൻ അരുൺ പറഞ്ഞു.

സിനിമ പ്രദർശനത്തിനെത്തുന്നതിന് മുൻപേ ആ സിനിമയെ താഴ്ത്തികെട്ടാനുള്ള ആയുധങ്ങൾ തയ്യാറാക്കി വയ്ക്കുന്നവരെ നിയന്ത്രിക്കാനും, അതിന് നിയമപരമായ നടപടികൾ അനിവാര്യമാണെന്നും അരുൺ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സിനിമാ സംഘടനകൾ തുടരുന്ന മൗനം തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും എൻ. അരുൺ പറഞ്ഞു. എന്തിനു വേണ്ടിയാണ്, ആർക്ക് വേണ്ടിയാണ് ഇത്തരം സിനിമാ സംഘടനകൾ നിലകൊള്ളുന്നതെന്നും അരുൺ വിമർശനമുന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here