‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’ കാനഡയിലേക്ക് : ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

0
177

നിർമൽ ബേബി വർഗീസി​ന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’ എന്ന ടൈം-ലൂപ്പ് ഹൊറർ ചിത്രം ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കാനഡ കേന്ദ്രീകരിച്ചുള്ള ഒരു ഓൺലൈൻ ഫിലിം ഫെസ്റ്റിവലാണ് ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റ്. നവംബറിലാണ്‌ ഇതിലെ വിജയികളെ പ്രഖ്യാപിക്കുന്നത്. ഇതിനു മുൻപ് ഹോളിവുഡ് ഗോൾഡ് അവാർഡ്‌സിൽ മികച്ച പരീക്ഷണ ചിത്രത്തിനുള്ള അവാർഡ് നേടിയ ഈ ചിത്രം റീലിസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്കും, ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, ആര്യ കൃഷ്ണൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണൻ എന്നിവരാണ് ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകൻ തന്നെയാണ് ചെയ്യുന്നത്. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിലാണ് ബേബി ചൈതന്യയും നിർമൽ ബേബിയും ഈ ചിത്രം നിർമ്മിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായെത്തിയത് ജെഫിൻ ജോസഫും, ഛായാഗ്രഹണം നിർവഹിച്ചത് മിഥുൻ ഇരവിലുമാണ്. സെക്കൻഡ് യൂണിറ്റ് ക്യാമറ കെെകാര്യം ചെയ്തത് ഷോബിൻ ഫ്രാൻസിസ് ആണ്. സംഗീത സംവിധാനം നിർവഹിച്ചത് ഫസൽ ഖായിസ്. ലൈൻ പ്രൊഡ്യൂസറായി ബ്രയൻ ജൂലിയസ് റോയ്. മേക്കപ്പ്-ആർട്ട് കെെകാര്യം ചെയ്തത് രഞ്ജിത്ത് എയുമാണ്. അസോസിയേറ്റ് ഡയറക്ടർസ്: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാർഥ് പെരിയടത്ത്. സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി. സോഷ്യൽ മീഡിയ പ്രൊമോഷൻ: ഇൻഫോടെയ്ൻമെന്റ് റീൽസ്.

തരിയോട്, വഴിയെ എന്നീ സിനിമകളുടെ സംവിധായകനായ നിർമൽ ബേബി വർഗീസ് ഒരുക്കുന്ന ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാസർഗോഡ് ജില്ലയിലെ കൂവപ്പാറയിലാണ് അവസാനം നടന്നത്. ഓടക്കൊല്ലി നാച്ചുറൽ കേവ്സ്, കൂവപ്പാറ, കുന്നംക്കൈ, ജോസ്‌ഗിരി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണ സ്ഥലങ്ങൾ. അണിയറ പ്രവർത്തകരിൽ ഭൂരിഭാഗവും കാസർഗോഡ് സ്വദേശികളാണെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു.

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ ‘വഴിയെ’ എന്ന ചിത്രവും ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിലെ ഫീച്ചർ ഫിലിം വിഭാഗത്തിൽ മുൻപ് റണ്ണറപ്പായി തിരഞ്ഞെടുത്തിരുന്നു. നേരത്തെ ടൊറന്റോ ഇൻഡി ഹൊറർ ഫെസ്റ്റിലേക്ക് ചിത്രം ഔദ്യോഗികമായി തെരഞ്ഞെടുത്തിരുന്നു. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിക്കുന്ന വഴിയെ എന്ന പരീക്ഷണ ചിത്രത്തിൽ പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, ജോജി ടോമി, ശ്യാം സലാഷ്, ശാലിനി ബേബി, സാനിയ പൗലോസ്, രാജൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഹോളിവുഡ് സംഗീത സംവിധായകനായ ഇവാൻ ഇവാൻസിന്റെ ആദ്യത്തെ ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here