‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട് , ബോബ് നിർവീര്യമാക്കി എന്ന രസകരമായ അടിക്കുറിപ്പോടുകൂടിയാണ് താരം ഈ വാർത്ത തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ‘നദികളിൽ സുന്ദരി യമുന’ തീയേറ്ററുകളിൽ വിജയകരമായാണ് പ്രദർശനം തുടരുന്നത്. പ്രദർശനത്തിനെത്തിയ തീയേറ്ററുകളിലെല്ലാം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി തീയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകൾ ആണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്.
കുറച്ചുകാലമായി ധ്യാൻ ശ്രീനിവാസന്റെ സിനിമകളെല്ലാം വലിയ രീതിയിൽ വിജയിക്കാതെ പോകുന്നതിനാൽ ആളുകൾ ബോംബ് എന്ന് കളിയാക്കിയിരുന്നു, നിരവധി ട്രോളുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അവർക്കുള്ള മറുപടിയാണ് ഈ സിനിമയുടെ വിജയം. അജു വർഗീസും ധ്യാനിന്റെ കൂടെ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അജു വർഗീസിന്റെയും ധ്യാൻ ശ്രീനിവാസന്റെയും അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉത്തര മലബാറിന്റെ പശ്ചാത്തലത്തിൽ വൈവാഹിക മോഹവുമായി നടക്കുന്ന കെട്ടു പ്രായം കഴിഞ്ഞ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.
പ്രഖ്യാ നഗ്ര ആണ് ചിത്രത്തിലെ നായിക. താരത്തിന്റെ ആദ്യ മലയാള സിനിമയാണിത്. തമിഴ് നടൻ ജീവയ്ക്കൊപ്പം വരളാരു മുഖിയം എന്ന സിനിമയിൽ താരം നായികയായിരുന്നു .
പോസ്റ്ററുകളും ട്രെയ്‌ലറും ഇറങ്ങിയപ്പോഴെല്ലാം ആരാണ് ആ സുന്ദരിയെന്ന ചോദ്യം ഉയർന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തു വിടുമ്പോഴല്ലാം തന്നെ നടി പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ കാണിച്ചിരുന്നത്. ഇത് ആരാധകർക്കിടയിൽ വൻ ചർച്ചയായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇറങ്ങിയപ്പോൾ നടിയാരെന്നു വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ സിനിമ തീയേറ്ററിലെത്തിയപ്പോഴാണ് പ്രേക്ഷകർ നടിയെ തിരിച്ചറിഞ്ഞത്.
സിനിമാറ്റിക്ക ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാറും, സിമി മുരളി കുന്നുംപുറത്തും ഒത്തുചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, ശരത് ലാൽ, വിസ്മയ ശശികുമാർ എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾക്ക് അരുൺ മുരളീധരന്നാണ് ഈണം പകരുന്നത്.