‘വിവാദങ്ങൾക്കുള്ള മറുപടി ഞാൻ ‘കാസർ​ഗോൾഡി​’ന്റെ ടീസറിലൂടെ കൊടുത്തിരുന്നു’ : മൃദുൽ നായർ

0
193

കാസർഗോഡ് ജില്ലയെകുറിച്ച് ചില വിവാദ പരാമർശങ്ങൾ ഉയർന്നുവന്നിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗവും, അവയുടെ ലഭ്യതയും കാരണമാണ് സിനിമകൾ കൂടുതലും കാസർഗോഡ് ജില്ല കേന്ദ്രീകരിക്കുന്നതെന്നായിരുന്നു ആ വിവാദ പരാമർശം. അവയ്ക്കുള്ള മറുപടി ‘കാസർഗോൾഡ്’ എന്ന സിനിമയുടെ ടീസറിലൂടെ തന്നെ താൻ കൊടുത്തിട്ടുണ്ടെന്നു പറയുകയാണ് ‘കാസർഗോൾഡി’ന്റെ സംവിധായകൻ മൃദുൽ നായർ.

മൃദുൽ നായരുടെ വാക്കുകൾ…

”മയക്കുമരുന്നുമായി ബന്ധപ്പെട്ട് കാസർ​ഗോഡിനെകുറിച്ചുവന്ന പരാമർശനങ്ങൾക്ക് ഞാൻ ‘കാസർഗോൾഡി’ന്റെ ടീസറിലൂടെത്തന്നെ മറുപടി കൊടുത്തിട്ടുണ്ട്. കാസർഗോഡ് എന്നുവെച്ചാൽ മയക്കുമരുന്നെന്നാണോ നീ വിചാരിച്ചത്, ഗോൾഡ് ഡാ ഗോൾഡ്..എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഗോൾഡുമായി ബന്ധപ്പെടുത്തുകയാണെങ്കിൽ നല്ല മനുഷ്യരുള്ള, അല്ലെങ്കിൽ പുതിയ ഫാഷനുകൾ ഇറങ്ങുന്ന സ്ഥലമാണ് കാസർ​ഗോഡ്. കാരണം ഒരു പുതിയ കാർ ദുബായിൽ ഇറങ്ങിയാൽ, തൊട്ടടുത്ത ആഴ്ച്ച അത് കാസർഗോഡ് ഇറങ്ങും. മിലാനിൽ ഒരു ഫാഷൻ ഇറങ്ങിയാൽ രണ്ടുദിവസത്തിനകം അത് കാസർഗോഡ് ഇറങ്ങും.

ലോകത്തിന്റെ ഏതുകോണിൽ പോയാലും ഒരു മലയാളിയെ കാണുമെന്ന് പറയാറില്ലേ, ആ മലയാളിയോട് നിങ്ങളുടെ വീടെവിടെയാണെന്നു ചോദിച്ചാൽ അവർ കാസർ​ഗോഡെന്ന് പറയും. അതവരുടെ ഒരു പാഷൻ ആണ്, നല്ല രീതിയിൽ അവരെന്ത് ബിസിനസും ചെയ്യാൻ തയ്യാറാണ്. ചിലപ്പോൾ അത് ഹോട്ടൽ ആയിരിക്കും, വസ്ത്രങ്ങളായിരിക്കും, തെരുവുകച്ചവടക്കാരായിരിക്കും. എവിടെയും സ്വീകാര്യനായ ഒരു കാസർ​ഗോഡുകാരനെയാണ് നിങ്ങൾക്ക് എവിടെയും കണ്ടെത്താൻ സാധിക്കുക.

സ്വർണവുമായുള്ള സിനിമയുടെ ബന്ധം സിനിമ കണ്ടുകഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും. ട്രെയിലർ ഇറങ്ങിയപ്പോൾ കാസർഗോഡ് ഭാഷ മനസിലാവുന്നില്ലെന്ന് ഒരുപാടുപേർ കമന്റുചെയ്തിരുന്നു . അതേസമയത്ത് ‘ഗരുഢ ​ഗാമന വൃഷഭ വാഹന’ പോലുള്ള കന്നഡ സിനിമകൾ കണ്ട് നമ്മൾ കയ്യടിക്കുന്നുണ്ട്. അത് മൊത്തം കന്നഡയാണ്. അപ്പോൾ കുറച്ച് കാസർഗോഡ് ഭാഷ വരുമ്പോൾ പലരും അതിനെ വിമർശിക്കുകയാണ്. ഇതിൽ കാസർഗോഡ് ഭാഷ ഉണ്ട്, പക്ഷെ കാസർഗോഡ് മുതൽ തിരുവന്തപുരം വരെയുള്ള എല്ലാ മലയാളികളെയും നമ്മൾ സിനിമയിൽ പരാമർശിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാവർക്കും മനസിലാവുന്ന ഒന്നാണിത്. കാസർഗോഡ് എന്നുപറഞ്ഞാൽ എനിക്ക് ഒരു ആരാധനയുള്ള ജില്ലയാണ്. കാരണം ഞങ്ങളുടെ ആദ്യ സിനിമ ബി ടെക്കി​ന്റെ, തുടക്കം മുതൽ അവസാനം വരെ കാസ​ഗോഡ് തന്നെയായിരുന്നു, അതുകൊണ്ട് എനിക്ക് അഏറെ ബന്ധമുള്ള സ്ഥലമാണ് കാസർഗോഡ്. ”

സെപ്തംബർ 15 നാണ് മൃദുൽ നായർ ഒരുക്കുന്ന കാസർഗോൾഡ് തീയേറ്ററുകളിലാകെ പ്രദർശനത്തിനെത്തുന്നത്. സണ്ണി വെയ്ൻ , വിനായകൻ ആസിഫ് അലി എന്നിവർ ഒന്നിച്ചെത്തുമ്പോൾ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here