വിജയകരമായി പ്രദർശനം തുടരുന്ന ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന ചിത്രത്തിൽ പത്തു ദിവസമാണ് അവർ അന്വേഷണത്തിനായി യാത്ര പോയതെങ്കിൽ യഥാർത്ഥത്തിൽ പതിനാറു ദിവസമാണ് തങ്ങൾ പോയതെന്ന് പറയുകയാണ് യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിലെ ഒരംഗം. കണ്ണൂരിൽ വെച്ച് യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിന്റെ കുടുംബവുമായി മൂവീ വേൾഡ് മീഡിയ നടത്തിയ പരിപാടിയിൽ വെച്ചാണ് അദ്ദേഹം ഇതേ കുറിച്ച് സംസാരിച്ചത്.
”പതിനാറു ദിവസമാണ് അന്ന് ഞങ്ങൾ പോയിരുന്നത്. സിനിമയിലെ ഓരോ രംഗങ്ങൾ കാണുമ്പോഴും അവിടെ ഞങ്ങൾ പോയതിന്റെ ഓരോ ഓർമ്മകളാണ് വരുന്നത്” എന്നാണ് കണ്ണൂർ സ്‌ക്വാഡിലെ ഒരു അംഗം പറയുന്നത്. ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും പരിപാടിയിൽ സംസാരിച്ചു.
”ഇവരുടെ കഥകളൊക്കെ കേൾക്കാൻ വലിയ ത്രില്ല് ആണ്.ഞാനും വലിയ പിന്തുണ ഒക്കെ കൊടുക്കും. അവരെ എങ്ങനെയെങ്കിലും പിടിക്കണം എന്നൊക്കെ പറയും. പക്ഷെ ചില കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടമാകും. പത്തിരുപത് ദിവസങ്ങൾ ഭക്ഷണമൊന്നും ഇല്ലാതെ നിന്നിട്ടുണ്ട്. വെറും ആപ്പിളൊക്കെ കഴിച്ചു വിശപ്പടക്കിയ ദിവസങ്ങളുണ്ട്. അതൊക്കെ കേൾക്കുമ്പോൾ വലിയ സങ്കടം വരും. പിന്നെ പോലീസുകാരുടെ നെഗറ്റീവുകളും മറ്റുകാര്യങ്ങളും ഓക്കെ കേൾക്കുമ്പോൾ ഇവരൊക്കെ നമ്മുടെ കുടുംബം പോലെയാണ്. ഇവരുടെ കാര്യത്തിൽ ശരിക്കും നമുക്ക് അഭിമാനിക്കാം. ആരെന്തു പറാഞ്ഞാലും എന്റെ ഭർത്താവ് പോലീസിൽ ജോലി ചെയ്യുന്ന ആളാണല്ലോ, ഇവരെല്ലാവരും അങ്ങനെയാണ്, ആരും കൈക്കൂലി ഒന്നും വാങ്ങുന്നവരല്ല. എന്നോട് ആരെങ്കിലുമൊക്കെ അങ്ങനെ പറയുമ്പോൾ ഞാനതിനോട് എതിർത്ത് പറയാറുണ്ട്. നിങ്ങൾ അറിയാത്ത കാര്യം ചിന്തിക്കരുത് എന്ന്, ഇതിനൊക്കെ പിന്നിൽ വലിയ പ്രയത്നങ്ങളുണ്ട്, ഒരുപാട് പേരുമുണ്ട്. കുടുംബം പോലും നോക്കാൻ പറ്റാതെ അന്വേഷണങ്ങൾക്ക് ഇറങ്ങുന്നവരുണ്ട്. ”
വളരെ വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’. അത്രയധികം ഹൈപ് ഇല്ലാതെ പ്രദർശനത്തിനെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വലിയ വിജയം നേടിയെടുത്തത്. ചിത്രത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം തന്നെ താരമായിരുന്നു അവർക്കൊപ്പമുണ്ടായിരുന്ന ടാറ്റ സുമോ വണ്ടി. അത് മമ്മൂട്ടി കമ്പനി സ്വന്തമാക്കിയിരിക്കുകയാണ് എന്ന വർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സിനിമയുടെ തിരക്കഥാകൃത്തുകളിലൊരാളായ റോണി ഡേവിഡ് ആണ് മമ്മൂട്ടി ആ വാഹനം സ്വന്തമാക്കിയെന്ന വാർത്ത പുറത്തുവിട്ടത്. സിനിമയിൽ ആ സ്‌ക്വാഡിലെ നാലു അംഗങ്ങൾക്കുള്ള അതെ പ്രാധാന്യം ആ വണ്ടിക്കും ഉണ്ടായിരുന്നു.