ഇത്തവണത്തെ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് മമ്മൂട്ടി നായകനായെത്തി, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്‌ക്കായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ഇത്തവണ ലഭിച്ചത് മമ്മൂട്ടിക്കായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ പുരസ്കാരമേറ്റുവാങ്ങാൻ മമ്മൂട്ടിക്ക് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. മമ്മൂട്ടിക്ക് പകരം പുരസ്‌കാരം ഏറ്റുവാങ്ങിയത് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു.
‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ പല കാരണങ്ങൾകൊണ്ടും, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിട്ട് കാണുന്നൊരു സിനിമയാണെന്നും, അതുകൊണ്ടുതന്നെ അതിന് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരോടും തനിക്ക് നന്ദിയുണ്ട് എന്നും ലിജോ പറഞ്ഞു. മമ്മൂട്ടിക്കും, മമ്മൂട്ടി കമ്പനിക്കും, ജോർജ് സെബാസ്റ്റിയനും എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്പൂർണമായും ഒരു മലയാള ചിത്രവും തമിഴ്നാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ടതുമായ സിനിമയാണ് ‘നൻപകൽ നേരത്ത് മയക്കം’. പ്രശസ്ത കഥാകൃത്ത് എസ്.ഹരീഷും, മലയാള സിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ ചലച്ചിത്രകാരൻ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. ചില വ്യക്തികളെ ആദ്യമായി കാണുമ്പോൾ അവരെ നേരത്തേ എവിടെയോ വച്ചു കണ്ടതുപോലെ തോന്നുകയും . ആദ്യമായി പരിചയപ്പെടുകയാണെങ്കിലും വർഷങ്ങൾക്കു മുന്നേതന്നെ അറിയാമെന്നു തോന്നുകയും ചെയ്യുന്ന ചിന്തയുടെ സാക്ഷാത്കാരമാണ്, യഥാർത്ഥത്തിൽ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.ഭൂരിഭാഗവും തമിഴ് സംഭാഷണങ്ങളിലൂടെയും , തമിഴ് പാട്ടുകളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്.
അതേസമയം, ഇത്തവണത്തെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത് മഹേഷ് നാരായണൻ ആയിരുന്നു. തന്റെ സ്ഥിരം സിനിമാ ശൈലിയിൽനിന്നും വ്യത്യസ്തമായി ചിന്തിച്ചുകൊണ്ട് സിനിമ ചെയ്യാൻ പ്രേരിപ്പിച്ച, അല്ലെങ്കിൽ ഉത്സാഹം നൽകിയ കുഞ്ചാക്കോ ബോബനും, നിർമ്മാതാവിനും നന്ദിയെന്ന് പുരസ്കാരം ഏറ്റുവാങ്ങിയതിനുശേഷം അദ്ദേഹം വേദിയിൽ പറഞ്ഞു.
മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2022-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘അറിയിപ്പ്’. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും, മൂവിംഗ് നറേറ്റീവ്സിന്റെ ബാനറിൽ മഹേഷ് നാരായണനും ഒത്തൊരുമിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ ദിവ്യ പ്രഭ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. നിരവധി നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഇത്.