ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ചിത്രം സെപ്‌റ്റംബർ പതിനഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. തീയേറ്ററിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനാണ് ചിത്രം എത്തുന്നതെന്നാണ് സിനിമയുടെ ടീസർ നൽകുന്ന സൂചന. ആരാണ് നദികളിൽ സുധാരിയി യമുനയിലെ സുന്ദരിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
ടീസറിൽ അജു വർഗീസിന്റെയും ധ്യാൻ ശ്രീനിവാസന്റെയും അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. ടീസർ പുറത്തിറങ്ങുമെന്ന് പറഞ്ഞുകൊണ്ട് ധ്യാൻ ശ്രീനിവാസൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കഴിഞ്ഞ ദിവസം പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ തിരുവോണനാളിൽ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഓണാശംസകൾ നേർന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ പോസ്റ്ററിൽ നടിയുടെ മുഖം കാണിച്ചിരുന്നില്ല.
ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തു വിടുമ്പോഴല്ലാം തന്നെ നടി പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ കാണാറുള്ളത്. ഇത് ആരാധകർക്കിടയിൽ വൻ ചർച്ചയായിരുന്നു. അതുകൊണ്ടുതന്നെ നാളെ വരാനിരിക്കുന്ന ടീസറിനായി ആരാധകർ കാത്തിരിക്കുകയാണ്. ആരാണ് ആ സുന്ദരി എന്നറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ. സിനിമാറ്റിക്ക ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാറും, സിമി മുരളി കുന്നുംപുറത്തും ഒത്തുചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിർവഹിക്കുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ്. ക്രെസൻറ് റിലീസ് വഴി സിനിമാറ്റിക്ക ഫിലിംസാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഈ ചിത്രത്തിൻറെ പശ്ചാത്തലമാകുന്നത് കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ്. അവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.
സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, ശരത് ലാൽ, വിസ്മയ ശശികുമാർ എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾക്ക് അരുൺ മുരളീധരന്നാണ് ഈണം പകരുന്നത്. ശങ്കർ ശർമയാണ് ബി.ജി.എം ചെയ്തിരിക്കുന്നത്. ‘സരിഗമ’യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയത്.