ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ തെലുങ്കിൽനിന്നും വമ്പൻ ഹിറ്റ് സ്വന്തമാക്കിയ ചിത്രമായിരുന്നു ഹനുമാൻ. ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം നിർവ്വഹിച്ച പ്രശാന്ത് വർമയുടെ ഏറ്റവും പുതിയ ചിത്രത്തിലൂടെ, തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയുടെ മകൻ നന്ദമൂരി മോക്ഷഗ്ന്യ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രം ലെജൻഡ് പ്രൊഡക്ഷൻസുമായി സഹകരിച്ച് എസ്എൽവി സിനിമാസിന് കീഴിൽ സുധാകർ ചെറുകുറിയാണ് നിർമ്മിക്കാൻ പോകുന്നത്. എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നത്. മോക്ഷഗ്ന്യയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.
View this post on Instagram
പുരാണങ്ങളിൽ നിന്നുള്ള ഒരു പുരാതന ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിലേക്കായി അഭിനയം, നൃത്തം , സംഘട്ടനം എന്നിവയിലൊക്കെ വളരെ കഠിന പരിശീലനമാണ് മോക്ഷഗ്ന്യ നടത്തുന്നത്. ഏറെ സ്റ്റൈലിഷ് ലുക്കിലുള്ള മോക്ഷഗ്ന്യയുടെ ഒരു ചിത്രവും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. മോക്ഷഗ്ന്യയെ സിനിമയിലേക്ക് കൊണ്ടുവരിക എന്നത് ഒരു വലിയ ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണെന്ന് സംവിധായകൻ പ്രശാന്ത് വർമ്മ മാധ്യമങ്ങളോട് സംസാരിക്കവെ പറയുകയുണ്ടായി. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പ്രശാന്ത് വർമ്മ തന്നെയാണ്. നിർമ്മാണം നിർവ്വഹിക്കുന്നത് സുധാകർ ചെറുകുറി ആണ്. എസ്എൽവി സിനിമാസ്, ലെജൻഡ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക, അവതരിപ്പിക്കുന്നത് എം തേജസ്വിനി നന്ദമൂരി, പിആർഒ- ശബരി.