ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ആർഡിഎക്സ് നൂറ് കോടി ക്ലബിൽ ഇടം നേടിയിരുന്നു. റിലീസായി ഇരുപത്തിയൊമ്പത് ദിവസം കൊണ്ടാണ് ചിത്രം ഈ ചരിത്രനേട്ടം കൈവരിച്ചത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ് തുടങ്ങിയവർ യഥാക്രമം റോബർട്ട്, ഡോണി, സേവ്യർ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ നിരവധി സംഘട്ടനങ്ങൾ ഉണ്ടായിരുന്നു. അൻപറിവ് ആയിരുന്നു ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ കാലിന് പരിക്ക് പറ്റിയ സംഭവത്തെക്കുറിച്ച് പറയുകയാണ് നീരജ് മാധവ്.
View this post on Instagram
നീരജ് മാധവിന്റെ വാക്കുകൾ…
‘‘നിങ്ങൾ ഉപേക്ഷിക്കുമ്പോൾ മാത്രമാണ് അത് അവസാനിക്കുന്നത്. എന്നിൽ വിശ്വസിച്ച ചുരുക്കം ചിലർക്ക് നന്ദി, എന്നെ സംശയിക്കുകയും തുരങ്കം വയ്ക്കുകയും ചിരിക്കുകയും ചെയ്ത മുഴുവൻ പേർക്കും നന്ദി. ആ പരിഹാസങ്ങളും കളിയാക്കലുകളും എന്റെ ആഗ്രഹത്തിന് ആക്കം കൂട്ടുക മാത്രമാണ് ചെയ്തത്! നിങ്ങൾക്ക് ശരിക്കും എന്തെങ്കിലും വേണമെങ്കിൽ, അത് നേടിയെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കുകയും ചിലത് നമ്മുടെ നിയന്ത്രണത്തിലാണ്, മറ്റുള്ളവ അങ്ങനെയല്ല, എന്നാൽ ഇത്തവണ കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു, അതിന് എനിക്ക് അതിയായ നന്ദിയുണ്ട്. ഞാൻ ഒരിക്കലും ഈ വിജയത്തെ നിസ്സാരമായി കാണില്ല, മെച്ചപ്പെടുത്താനും പുനർ നിർമിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ഒരിക്കൽ കൂടി, എല്ലാവർക്കും നന്ദി. ഏറ്റവും പ്രധാനമായി എന്നെ ആ സമയത്ത് ചികിത്സിച്ച ടോം ആഷ്‍ലിക്ക് നന്ദി പറയുന്നു. എന്നിൽ ആത്മവിശ്വാസം നിറച്ച് ചുരുങ്ങിയ സമയം കൊണ്ട് പരുക്ക് ഭേദമാക്കിയത് ടോമിന്റെ സഹായത്തോടെയാണ്. അടുത്ത ദിവസം തന്നെ എനിക്ക് സ്റ്റണ്ട് ചെയ്യാന്‍ സാധിച്ചു. നിങ്ങൾ ഒരു രക്ഷകനാണ്’’
അതേസമയം, ഈ വർഷം 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ആർഡിഎക്സ്.ഓണം റിലീസായി മൂന്ന് ചിത്രങ്ങളാണ് ഇത്തവണ പ്രധാനമായും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ദുൽഖർ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത,നിവിൻ പോളിയുടെ ബോസ് ആൻഡ് കോ,ആർഡിഎക്സ് തുടങ്ങിയവ.ഇവയെയെല്ലാം ഒരൊറ്റ ദിവസം കൊണ്ട് മറികടന്നുകൊണ്ടാണ് ആർഡിഎക്സ് തരംഗം സൃഷ്ട്ടിച്ചത്. ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് തീയേറ്ററിൽ വിജയം കൊയ്യുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.