ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്ന ചിത്രമാണ് ‘പാരഡെെസ്’. ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന പാരഡൈസ് എന്ന ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബിലൂടെയാണ് ഗാനം എത്തിയിരിക്കുന്നത്. അകലെയായ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കെ ആണ്. പവിത്ര ചാരിയാണ് ഈ ഗാനം പാടിയിരിക്കുന്നത്.
തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ വേണ്ടി ശ്രീലങ്കയിൽ എത്തുന്ന മലയാളികളായ ടി വി പ്രൊഡ്യൂസറുടെയും വ്ലോഗറായ അയാളുടെ ഭാര്യയുടെയും കഥാപാത്രങ്ങളിലൂടെയാണ് ‘പാരഡൈസ്’ കഥ പറഞ്ഞു പോകുന്നത്. കേശവ് എന്ന കഥാപാത്രമായി റോഷൻ മാത്യുവും, അമൃത എന്ന ഖതാപാത്രമായി ദർശന രാജേന്ദ്രനുമാമ് എത്തുന്നത്. ചിത്രത്തിനു പശ്ചാത്തലമാകുന്ന ശ്രീലങ്കൻ ഭൂമികയുടെ ഗാംഭീര്യം ഒട്ടും ചോരാതെ ക്യാമറയിലേക്ക് മനോഹരമായി പകർത്തി വെച്ചിരിക്കുന്നത് രാജീവ് രവിയാണ് .

ശ്രീകർ പ്രസാദ് ഈ ദൃശ്യങ്ങളുടെ ചിത്രസംയോജനം നിർവ്വഹിക്കുന്നു. ലിജു പ്രഭാകർ ആണ് കളറിംഗ് നിർവഹിച്ചിരിക്കുന്നുത്. മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പാരഡൈസ് എന്ന ഈ ചിത്രം ഈ മാസം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. കേരളത്തിൽ സെഞ്ചുറി ഫിലിംസും ശ്രീലങ്കയിൽ സ്കോപ്പ് മൂവീസും മറ്റ് പ്രദേശങ്ങളിൽ എ പി ഇൻ്റർനാഷണലുമാണ് ഈ ചിത്രം വിതരണം ചെയ്യുന്നത്.

അതേസമയം അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ ഈ ചിത്രം ഇതിനകം വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇരുപത്തിയെട്ടാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരവും, ഒപ്പം സ്പെയിനിലെ 23-ാമത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും , ഫ്രാൻസിലെ മുപ്പതാമത് വെസൂൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരവും പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രം , മികച്ച സംവിധായകൻ , മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിൽ നാമനിർദേശവും പാരഡൈസ് എന്ന ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

