സംഘി പട്ടത്തില്‍ പേടിയില്ല, ഇഷ്ടമുള്ളവര്‍ വിളിക്കട്ടെ: സുരേഷ് ഗോപിയുടെ വിജയത്തില്‍ പ്രതികരിച്ച് ടിനി ടോം

0
112

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ ഏറെ സന്തോഷിക്കുന്ന സിനിമാ താരമാണ് നടന്‍ ടിനി ടോം. കൊച്ചി വിമാനത്താവളത്തിലെത്തി പൊന്നാട അണിയിച്ചാണ് സുരേഷ് ഗോപിയെ ടിനി ടോം ആദരിച്ചത്.

വലിയ മാറ്റങ്ങള്‍ക്കായിരിക്കും തൃശൂരിലെ ജനങ്ങള്‍ ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ടിനി ടോം പറഞ്ഞു. സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നത് കൊണ്ട് ആരെങ്കിലും സംഘി പട്ടം ചാര്‍ത്തിയാല്‍ ഭയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നന്മയുണ്ടെങ്കില്‍ ആരും ഉയരത്തിലെത്തുമെന്നതിന്റെ ഉദാഹരണമാണ് സുരേഷ് ഗോപിയെന്നും താരം വ്യക്തമാക്കി.

‘സുരേഷേട്ടനെ സ്വീകരിക്കാന്‍ ഞാന്‍ ആരെയും അറിയിച്ചിട്ട് വന്നതല്ല. അദ്ദേഹവുമായി എനിക്കുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ മാനുഷികമായിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ കൂടെയുണ്ടായിട്ടുണ്ട്. നല്ല നടന്‍ ഉണ്ടാവും നല്ല നേതാവും ഉണ്ടാവും നല്ല മനുഷ്യന്‍ സുരേഷ് ഗോപിയാണ്. അതുകൊണ്ടാണ് കൂടെ നിന്നതും. ഇനി നമുക്ക് കിട്ടുമോ എന്നറിയില്ല. സുരേഷേട്ടന് ഇന്ത്യ മുഴുവന്‍ നോക്കേണ്ടി വരും. നല്ല മനുഷ്യര്‍ വരട്ടെ. എന്റെ ഒരുപാട് ബന്ധുക്കള്‍ തൃശൂര്‍ ഉണ്ട്. അവിടത്തെ ബിഷപ്പുമായി എനിക്ക് നല്ല ബന്ധമുണ്ട്. സ്ത്രീകളുടെയെല്ലാം ഇഷ്ട കഥാപാത്രമാണ് സുരേഷേട്ടന്‍. അതുകൊണ്ട് ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു’.

‘സുരേഷേട്ടന് ഒരു രാഷ്ട്രീയ മുഖം ആരും കണ്ടിട്ടില്ല. സ്വന്തം കയ്യിലെ പണം മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന മനുഷ്യനാണ്. ഇപ്പോള്‍ തന്നെ അദ്ദേഹം പലതും ചെയ്യുന്നു. അപ്പോള്‍ കേന്ദ്രത്തില്‍ നിന്നും പണം കിട്ടിയാല്‍ ചെയ്യാന്‍ പോകുന്നത് എന്തായിരിക്കുമെന്ന് അറിയാമല്ലോ. അഞ്ച് വര്‍ഷം കൊണ്ട് തൃശൂര്‍ വരുന്ന മാറ്റത്തിന് ജനങ്ങള്‍ സാക്ഷ്യം വഹിക്കട്ടെ. തൃശൂര്‍ മാത്രമല്ല, കേരളം മുഴുവന്‍ മാറ്റം വരുമെന്ന് ഒരു സംശയവുമില്ല. സിനിമാ മേഖലയില്‍ നിന്നും അദ്ദേഹത്തിന് സപ്പോര്‍ട്ട് നല്‍കുന്നത് ഓരോത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. എന്നെ സംഘിയെന്ന് ഇഷ്ടമുള്ളവര്‍ വിളിച്ചോട്ടെ. സംഘി പട്ടം കിട്ടുന്നതില്‍ പേടിയില്ല’.

‘എംപി സ്ഥാനം ഇല്ലതിരുന്ന സമയത്തും സുരേഷേട്ടന്‍ സഹായം ചെയ്തിരുന്നു. അമ്മ എന്ന് പറയുന്ന ഞങ്ങളുടെ സംഘടനയ്ക്ക് അദ്ദേഹം സഹായം ചെയ്യുന്നു. അമ്മ എന്ന സംഘടനയുടെ ഓരോ ആവശ്യത്തിനും അതിലെ അംഗങ്ങളുടെ കുടുംബപരമായ ആവശ്യങ്ങള്‍ക്ക് പോലും സുരേഷേട്ടന്‍ ഉണ്ടായിരുന്നു. അത് നല്ലൊരു മനുഷ്യനെ സാധിക്കുകയുള്ളൂ. സന്തോഷത്തേക്കാള്‍, എനിക്ക് വിശ്വാസമാണ്. നന്മ മാത്രം മതി, നമ്മള്‍ ഉയരത്തിലെത്തുമെന്നതിന്റെ ഉദാഹരണമാണ് സുരേഷ് ഗോപി’- ടിനി ടോം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here