ലിയോ’ സിനിമ കണ്ടതിനു ശേഷമുളള ഉദയനിധി സ്റ്റാലിന്റെ പ്രതികരണം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എൽസിയു എന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ ഉൾപ്പെടുന്നതാണ് ‘ലിയോ’ എന്ന സൂചന തരുന്നതായിരുന്നു ഉദയനിധിയുടെ ട്വീറ്റ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
എൽസിയു എന്നെഴുതിയതിനു ശേഷം കണ്ണടച്ചുള്ള ഒരു ഇമോജിയും ട്വീറ്റിനൊപ്പം ഉദയനിധി ചേർത്തിരുന്നുവെന്നും അതുകൊണ്ടു തന്നെ അതിന്റെ ഉത്തരം നാളെ സിനിമ കാണുമ്പോൾ ലഭിക്കുമെന്നും ലോകേഷ് പറഞ്ഞു.
‘ലിയോ’ എൽസിയുവിൽ ഉൾപ്പെടുന്ന സിനിമയാണെന്ന ഉദയനിധിയുടെ വെളിപ്പെടുത്തൽ എങ്ങനെ നോക്കി കാണുന്നു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ലോകേഷ്. ”ദളപതി അണ്ണാ ലിയോ, ലോകേഷ് അത്യുഗ്രൻ ഫിലിം മേക്കിങ്, അനിരുദ്ധിന്റെ സംഗീതം, അൻപറിവ് മാസ്റ്ററിന്റെ ആക്ഷൻ. എല്ലാ ആശംസകളും.”ഇങ്ങനെയായിരുന്നു ഉദയനിധിയുടെ ട്വീറ്റ്. ട്വീറ്റിന്റെ അവസാനം എൽസിയുവിന്റെ ഹാഷ് ടാഗ് കൂടി കണ്ടതോടെ ആരാധകർക്ക് ഇരട്ടി ആവേശമായി.
Thalabathy @actorvijay Anna’s #Leo 👍🏽👍🏽 👍🏽@Dir_Lokesh excellent filmmaking , @anirudhofficial music , @anbariv master @7screenstudio 👏👏👏#LCU 😉! All the best team !
— Udhay (@Udhaystalin) October 17, 2023
ലോകേഷ് ഇതുവരെ സൂക്ഷിച്ചു വച്ച രഹസ്യം ഉദയനിധി പൊട്ടിച്ചുവെന്നും ആ സർപ്രൈസ് ഫാക്ടർ അതുപോലെ തന്നെ കാത്തുസൂക്ഷിക്കേണ്ടിയിരുന്നുവെന്നും പിന്നീട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പ്രദർശനത്തിലാണ് ഉദയനിധി സിനിമ കണ്ടത്. നേരത്തെ ലോകേഷ് സംവിധാനം ചെയ്ത വിക്രം സിനിമ വിതരണത്തിനെടുത്തത് ഉദയനിധിയുടെ റെഡ് ജയന്റ് സിനിമാസ് ആയിരുന്നു,
ഒക്ടോബർ 19ന് പുറത്തിറങ്ങുന്ന ‘ലിയോ’ തമിഴ് ബോക്‌സ്ഓഫിസിൽ ചരിത്രമെഴുതും എന്നു തന്നെയാണ് വിജയ് ആരാധകരുടെ വിശ്വാസം. മാസ്റ്ററിനു ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സെവൻസ്‌ക്രീൻ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അർജുൻ, ഗൗതം മേനോൻ, മിഷ്‌കിൻ, സാൻഡി മാസ്റ്റർ, മാത്യു തോമസ്, ബാബു ആന്റണി എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നു.
പ്രേക്ഷകരെ അത്യധികം ആവേശത്തിൽ ആഴ്ത്തിയിരിക്കുന്ന ചിത്രമാണ് വിജയ്-ലോകേഷ് കൂട്ടുകെട്ടിലെത്തുന്ന ‘ലിയോ’. ചിത്രത്തിന് പുലർച്ചെ നാല് മണിക്ക് പ്രത്യേക പ്രദർശനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിർമാതാക്കളുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ലിയോയുടെ പ്രത്യേക പ്രദർശനത്തിന് അനുമതി നൽകാൻ സർക്കാരിനോട് നിർദ്ദേശിക്കാനാകില്ലെന്ന് കോടതി നിർമ്മാതാക്കളോട് വ്യക്തമാക്കി. എന്നാൽ തമിഴ്നാട്ടിൽ മാത്രമാണിത്. കേരളത്തിലെ തീയേറ്ററുകളിൽ ആദ്യ ദിനം തന്നെ നാലുമണിക്കും ഏഴുമണിക്കും ലിയോയുടെ പ്രദർശനങ്ങൾ ഉണ്ട്.
ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത് അനുസരിച്ച് രാവിലെ ഒൻപത് മണിമുതൽ മാത്രമേ തമിഴ്‌നാട്ടിൽ ലിയോയുടെ പ്ര?ദർശനം ആരംഭിക്കാൻ കഴിയുകയുള്ളു. തമിഴ്നാട്ടിൽ പുലർച്ചെ ഷോ ഇല്ലാത്തതിനാൽ ആളുകൾ സിനിമ കാണാനായി അയൽ സംസ്ഥാനങ്ങളിലേയ്ക്ക് പോകുമെന്നും തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ കളക്ഷൻ കുറയുമെന്നും നിർമാതാക്കൾ പറയുന്നുണ്ട്. റിലീസിന്റെ പിറ്റേദിവസം മുതൽ തുടർച്ചയായി ഒരാഴ്ചയെങ്കിലും എഴുമണി മുതലുള്ള ഷോ അനുവദിക്കണമെന്നും നിർമാതാക്കൾ ഹർജിയിൽ ആവശ്യം ഉന്നയിച്ചിരുന്നു.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് വിജയ് ചിത്രം ലിയോ നിർമ്മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. ഇത് വലിയ വാർത്തയായിരുന്നു. വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരക്കുന്നത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കിയത്.
ചിത്രത്തിൽ ഉള്ള മൂന്നു ഗാനങ്ങളാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. ആദ്യം ഇറങ്ങിയത് ‘നാൻ റെഡി താൻ’ എന്ന ഗാനമാണ്. ഗാനത്തിലെ ചില വരികൾ കാരണം വലിയ വിവാദങ്ങൾ സൃഷ്ടിച്ച ഒരു ഗാനമായിരുന്നു അത്. രണ്ടാമതായി പുറത്തുവിട്ട ഗാനം ‘ബഡാസ്’ ആണ്. ഈ ഗാനവും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർക്കിടയിൽ തരംഗമായത്. മൂന്നാമതായി എത്തിയ ഗാനം ഒരു ഫീൽ ഗുഡ് തരത്തിലുള്ള ഒന്നായിരുന്നു. ‘അൻപെനും’ എന്ന ഗാനം ഒരുക്കിയത് മഞ്ഞുമലയുടെ മനോഹരമായ പശ്ചാത്തലത്തിലാണ്.