“പീക്കി ബ്ലൈൻഡേഴ്‌സ്”  സിനിമയാകുന്നു : സ്ഥിരീകരണവുമായി നെറ്റ്ഫ്ലിക്സ് 

0
80
ലോകത്ത് ഒട്ടേറെ ആരാധകരുള്ള  പ്രശസ്ത ബ്രിട്ടിഷ് പിരീഡ് ക്രെെമ ഡ്രാമ സീരീസാണ് “പീക്കി ബ്ലൈൻഡേഴ്‌സ്”. ബർമിംഗ്ഹാം പശ്ചാത്തലത്തിൽ ​സ്റ്റിവൻ നെെറ്റ് ഒരുക്കിയ ഈ സീരീസ് ഇതുവരെ ആറെണ്ണം ഇറങ്ങിയിട്ടുണ്ട്. സീരീസിലെ ക്യാരക്ടറായ ബർമിംഗ്ഹാം ഗ്യാങ്സ്റ്റെര്‍ ടോമി ഷെൽബിക്ക് ലോകത്താകമാനം നിരവധി ആരാധകരുണ്ടായിരുന്നു. ഓസ്‌കാർ ജേതാവ് സിലിയൻ കിലിയൻ മർഫിയാണ് “പീക്കി ബ്ലൈൻഡേഴ്‌സി”ലെ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഈ ക്യാരക്ടർ തിരിച്ചുവരികയാണ്. “പീക്കി ബ്ലൈൻഡേഴ്‌സ്” സ്ട്രീം ചെയ്ത പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് തന്നെയാണ് ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്.

എന്നാൽ സീരീസായല്ല ഇത്തവണ “പീക്കി ബ്ലൈൻഡേഴ്‌സ്” എത്തുന്നത്. ചലച്ചിത്രമായാണ് എത്തുന്നതെന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്.  ബിബിസിയുമായി സഹകരിച്ച് ചിത്രം എത്തുന്നത് നെറ്റ്ഫ്ലിക്സില്‍ തന്നെയാണ്. ടോം ഹാർപ്പർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിക്കുന്നത് സ്റ്റീവൻ നൈറ്റ് ആണ്.
“ഓപ്പൺഹൈമർ” എന്ന ചിത്രത്തിന് ഈ വർഷം ആദ്യം മികച്ച നടൻ ഓസ്കാർ നേടിയ കിലിയൻ മർഫിയും ചിത്രത്തിന്‍റെ പ്രഖ്യാപനം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരുന്നു. “ടോമി ഷെൽബി തീർന്നിട്ടില്ല. പീക്കി ബ്ലൈൻഡേഴ്‌സിന്‍റെ ചലച്ചിത്രത്തില്‍ സ്റ്റീവൻ നൈറ്റ്, ടോം ഹാർപ്പർ എന്നിവരുമായി വീണ്ടും സഹകരിക്കുന്ന കാര്യം വളരെ സന്തോഷകരമാണ്” എന്നാണ് മർഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ലണ്ടനില്‍ ഉയർന്ന അധോലോക സംഘത്തിന്‍റെ കഥയാണ് പീക്കി ബ്ലൈൻഡേഴ്‌സ് ബ്രിട്ടിഷ് പരമ്പര പറഞ്ഞത്.  2022 ഏപ്രിലിൽ  ആറാം സീസണോടെയാണ് ബിബിസി നിര്‍മ്മിച്ച ഈ പരമ്പര അവസാനിച്ചത്. എന്നാൽ “മറ്റൊരു രൂപത്തിൽ” ഇതി​ന്റെ കഥ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് സീരിസിന്‍റെ സ്രഷ്ടാവ് സ്റ്റീവൻ നൈറ്റ്  അന്ന് തന്നെ പറഞ്ഞിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകനായി പ്രഖ്യാപിച്ച  ടോം ഹാർപ്പറാണ് “പീക്കി ബ്ലൈൻഡേഴ്‌സ്” 2013 ല്‍ ആദ്യത്തെ സീസണിലെ ആദ്യ എപ്പിസോഡി​ന്റെ സംവിധാനം നിർവ്വഹിച്ചിരുന്നത്. ഈ വര്‍ഷം അവസാനം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 1914 മുതല്‍ 1934 വരെയുള്ള ലണ്ടന്‍ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്‍റെ കഥ എന്നാണ് വിവരം. എന്തുതന്നെയായാലും ലോകത്താകമാനം ഉള്ള പീക്കി ബ്ലൈൻഡേഴ്‌സ് ആരാധകർക്ക് ഇതൊരു സന്തോഷ വാർത്ത തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here