ജവാന് നേരേ 6 വർഷം മുമ്പുള്ള വീഡിയോ ഉപയോ​ഗിച്ച് ആസൂത്രിത ഡീഗ്രേഡിങ് ശ്രമം

0
221

ബോളിവുഡിന്റെ സ്വന്തം ബാദുഷ ഷാരൂഖ് ഖാന്റെ ‘ജവാൻ’. ഇന്ത്യയൊന്നാകെ തീയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഈ വര്ഷം തന്നെ പുറത്തിറങ്ങിയ ഷാരൂഖിന്റെ ‘പത്താന്’ ശേഷം പുറത്തിറങ്ങുന്ന സിനിമയാണ് ജവാൻ. തമിഴ് സംവിധായകൻ അറ്റ്ലി ആദ്യമായി ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ജവാൻ. നയൻതാര ആയിരുന്നു ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായെത്തിയത്. നയൻതാരയുടെയും ഹിന്ദിയിലെ ആദ്യ ചിത്രമാണ് ജവാൻ. ചിത്രത്തിന് സൗത്ത് ഇന്ത്യയിൽ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അറ്റ്ലിയുടെ ഇതിനു മുൻപുള്ള സിനിമകളിൽ നിന്നും വലിയ വ്യത്യാസമൊന്നുമില്ലാത്ത സിനിമയായി പോയി ജവാൻ എന്നൊരു വിമര്ശനമുയരുന്നുണ്ട്. എന്നാൽ ഉത്തരേന്ത്യയിൽ നിന്നും ചിത്രത്തിന് നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മാസ്സ് എന്റെർറ്റൈനർ എന്നതിനപ്പുറത്തേക്ക് സമകാലിക രാഷ്ട്രീയാവസ്ഥകളെ കൂടി സ്പർശിക്കാൻ ശ്രമിച്ച സിനിമ കൂടിയാണ് ജവാൻ. എന്നാൽ സമീപ കാലത്ത് ബോളിവുഡിനെതിരെ ആസൂത്രിതമായി നടക്കുന്ന ഡീഗ്രേഡിങ് ശ്രമങ്ങൾ ജവാന് നേരെയും ഉണ്ടാകുന്നുണ്ട്.

ഇപ്പോഴിതാ ഫാക്ട് ചെക്കിങ് മാധ്യമ പ്രവർത്തകനായ മുഹമ്മദ് സുബൈർ തന്റെ ട്വീറ്ററിലൂടെയാണ് ജവാന് നേരെ നടക്കുന്ന ആസൂത്രിത ആക്രമണത്തിനെ തെളിവ് സഹിതം വെളിച്ചത്ത് കൊണ്ട് വന്നിരിക്കുന്നത് 2017 ൽ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രമായ ‘ജബ് ഹാരി മറ്റ് സോജൽ’ മുതൽ ജവാൻ വരെ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന, സിനിമക്ക് നെഗറ്റിവ് റിവ്യൂ പറയുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

 

അതെ സമയം, ഷാരൂഖ് ഖാൻ, നയൻ‌താര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. വിജയ് സേതുപതിയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങിയത് എങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസാണ് ജവാന് ലഭിച്ചത്.

ചിത്രം ആദ്യദിനം നേടിയ കളക്ഷൻ ട്രെയ്ഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരുന്നു . നാഷണ്‍ തിയറ്റര്‍ ശൃംഖലയിലെ കളക്ഷൻ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. പിവിആര്‍ ഐനോക്സില്‍ ജവാൻ 15.60 കോടി രൂപയും സിനിപൊളിസില്‍ 3.75 കോടിയും നേടിയിരിക്കുകയാണ് ജവാൻ. 12 മണി വരെ ആകെ 19.35 കോടി നേടിയിരിക്കുകയാണ് ജവാൻ. ആദ്യദിനത്തിലെ മികച്ച കളക്ഷൻ കൊണ്ടുതന്നെ വരുംദിവസങ്ങളിൽ ‘ജവാൻ’ 100 കോടി ക്ലബിൽ എത്തും എന്ന് തന്നെയാണ് സൂചന.
എന്നാൽ, ചിത്രത്തിന്റെ വമ്പൻ റിലീസിന് ശേഷം വ്യാജ പതിപ്പ് പൈറസി വെബ്‌സൈറ്റുകളില്‍ പ്രചരിക്കുകയാണ്. സിനിമാമേഖലയിൽ നിന്നുള്ള വളരെ ഖേദകരമായ ഒരു വാർത്ത തന്നെയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here