കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള തമിഴ് സിനിമാതാരമാണ് വിജയ്. ദളപതി വിജയ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ പിറന്നാളാണ് നാളെ ജൂൺ 22 ന്. പിറന്നാൾ ദിനത്തോടനുബന്ധിച്ച് വിജയുടെ ‘പോക്കിരി’ എന്ന ചിത്രം ഇന്ന് തീയേേറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. റീ റിലീസ് ചെയ്യപ്പെടുന്ന പോക്കിരിക്ക് കേരളത്തിലും മികച്ച സ്ക്രീൻ കൗണ്ട് ആണ് ലഭിച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി 74 തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഡിജിറ്റൽ റീമാസ്റ്ററിംഗിന് ശേഷമാണ് ദളപതിയുടെ പോക്കിരി ഇന്ന് പ്രേക്ഷകരിലേക്ക് എത്തുന്നത്.
പ്രഭുദേവയുടെ സംവിധാന നിർവ്വഹണത്തിൽ 2007 ൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമാണ് പോക്കിരി. ഇതേ പേരിൽ 2006 ൽ തിയറ്ററുകളിലെത്തിയ മഹേഷ് ബാബു നായകനായ തെലുങ്ക് ചിത്രത്തിൻറെ റീമേക്ക് ആയിരുന്നു വിജയ്‍യുടെ പോക്കിരി എന്ന ചിത്രം. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമായിരുന്നു അത്. എസ് സത്യമൂർത്തി എന്ന പൊലീസ് ഓഫീസറായി വിജയ് എത്തിയ ചിത്രം 2007 ജനുവരി 12 നാണ് പ്രദർശനത്തിന് എത്തിയത്. വലിയ തോതിൽ ജനപ്രീതി നേടിയ ചിത്രം തമിഴ്നാട്ടിൽ നിരവധി തിയറ്ററുകളിൽ 200 ദിവസങ്ങളിലധികം അന്ന് പ്രദർശിപ്പിച്ചിരുന്നു. കേരളമടക്കമുള്ള ഇടങ്ങളിലും മികച്ച വിജയമാണ് ചിത്രം ആ സമയത്ത് നേടിയത്. വിജയ്‍യുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് നിരവധി തവണ ഇതിന് മുൻപും ചിത്രം കേരളത്തിൽ റീ റിലീസ് ചെയ്യപ്പെട്ടിട്ടുമുണ്ട്. തമിഴ് സിനിമയിൽ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രവുമാണ് വിജയുടെ പോക്കിരി.
റീ റിലീസുകൾ ഇപ്പോൾ കേരളത്തിലും ട്രെൻഡ് ആണെങ്കിലും അത് ഏറ്റവുമധികം സംഭവിച്ചുകൊണ്ടിരിക്കുന്നത് തമിഴ് സിനിമയിലാണ്. അക്കൂട്ടത്തിൽ റീ റിലീസുകളിൽ റെക്കോർഡ് ഇട്ട ചിത്രമായിരുന്നു വിജയ് നായകനായി എത്തിയ ചിത്രം ഗില്ലി. ഇന്ത്യൻ സിനിമയിൽത്തന്നെ റീ റിലീസിൽ കളക്ഷൻ റെക്കോർഡ് ഇപ്പോൾ ഗില്ലിയുടെ പേരിലാണ്. 30 കോടിക്ക് മുകളിലാണ് ആഗോള തലത്തിൽ റീ റിലീസിംഗിലൂടെ മാത്രം ചിത്രം നേടിയത്. റീ റിലീസിൽ ഗില്ലി പോലെ പണം വാരുമോ പോക്കിരി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കോളിവുഡ്. എന്തുതന്നെയായാലും വിജയുടെ പിനറന്നാൾ ആഘോഷിക്കാനെത്തുന്ന ആരാധകർക്ക് ഒരു മികച്ച വിരുന്ന് തന്നെയാണ് പോക്കിരിയുടെ റീ റിലീസ്.