പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സലാർ’. പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ചിത്രത്തിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ഇന്നാണ് ചിത്രത്തിന്റെ ആഗോളതലത്തിലുള്ള റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രം ഡിസംബർ 22 നാണ് പ്രദർശനത്തിനെത്തുക. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന ഒരു മോഷൻ പോസ്റ്റർ കൂടി പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ.
View this post on Instagram
മിന്നൽപിണരുകൾ ഉള്ള ഇരുണ്ട ആകാശത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന പ്രഭാസ് ആണ് മോഷൻ പോസ്റ്ററിൽ ഉള്ളത്. എഡിറ്റഡ് ബെെ അധീര എന്നാണ് മോഷൻ പോസ്റ്ററിന്റെ അവസാനമുള്ളത്. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ‘സലാറിനെ’ പ്രേക്ഷകർ ഏറെ ആകാംഷയോടെ നോക്കിക്കാണുന്നത് . പ്രഭാസ് ആണ് ചിത്രത്തിലെ നായകൻ. പൃഥ്വിരാജ് വില്ലനായി എത്തുന്നുവെന്നത് മലയാളികൾക്ക് ആവേശം പകരുന്ന കാര്യമാണ്. പ്രഭാസിനൊപ്പം തന്നെ പ്രാധാന്യത്തോടെയാണ് പ്രിത്വിരാജിനെയും കാണിച്ചിട്ടുള്ളത്. ഈ ചിത്രത്തിന് ഇന്ത്യന്‍ സിനിമ പ്രേക്ഷകർക്കിടയിലുള്ള കാത്തിരിപ്പ് എത്രത്തോളമെന്ന് മനസിലാക്കാന്‍ ടീസറിന് ലഭിക്കുന്ന പ്രതികരണം നോക്കിയാല്‍ മതി.
ചിത്രത്തിന്റ ടീസർ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. വ്യാഴാഴ്ച പുലർച്ചെ 5:12 നാണ് ടീസർ പുറത്തുവിട്ടത്. 1 .46 മിനിറ്റ് ദൈർഘ്യമുള്ള ടീസർ പുറത്തുവിട്ട് നിമിഷങ്ങൾക്കകം പ്രേക്ഷകർ അതേറ്റെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം വളരെ പെട്ടന്നായിരുന്നു. രണ്ടു ദിവസത്തിനകം യുട്യൂബിൽ 100 മില്യൺ കാഴ്ചക്കാരെയും താണ്ടിയാണ് സലാറിന്റെ ടീസർ ട്രെൻഡിങ്ങിൽ ഒന്നാമതായി നിൽക്കുന്നത് . ഇന്ത്യയിൽ തന്നെ ഇത്രയധികം വേഗത്തിൽ ഇത്രത്തോളം കാഴ്ചക്കാരെ നേടിയ വിഡിയോ എന്ന റെക്കോഡും സലാറിന്റെ ടീസറിന് സ്വന്തം. അതേസമയം ‘കെജിഎഫ്’ പോലെതന്നെ ഒരു മാസ് ആക്ഷന്‍ പടമാണ് ‘സലാർ’ എന്ന സൂചനയാണ് ചിത്രത്തിന്‍റെ ടീസറിലൂടെ ആരാധകർക്ക് നൽകിയിരിക്കുന്നത്.
ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പംതന്നെ സലാറിന്‍റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമാണിത്. വരദരാജ മന്നാര്‍ എന്നാണ് ചിത്രത്തിൽ പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, തുടങ്ങിയവർ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീൽ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.