ഹണി റോസിനെ നായികയാക്കി ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം റേച്ചൽ ടീസർ പുറത്തെത്തി.അഞ്ച് ഭാഷകളിൽ ടീസർ കാണാൻ സാധിക്കും.ഇറച്ചിവെട്ടുകാരിയായ യുവതിയുടെ പകയുടെ കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നതെന്ന് കൃത്യമായി ട്രെയിലർ പറഞ്ഞുവെക്കുന്നുണ്ട്.
ഹണി റോസാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വളരെ വ്യത്യസ്ഥമായ സിനിമകളുമായി വരുന്ന എബ്രിഡ് ഷൈൻ ഇത്തവണ എത്തുന്നത് സംവിധായകൻ ആയിട്ടല്ല . ഒരു നിർമ്മാതാവായാണ് എബ്രിഡ് ഷൈൻ ‘റേച്ചൽ’ എന്ന സിനിമ അവതരിപ്പിക്കുന്നത്. ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. അതുപോലെ തന്നെ സിനിമ തിരക്കഥ എഴുത്തിൽ തുടക്കം കുറിക്കുന്ന കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഹണി റോസ് ലീഡിങ് റോളിൽ എത്തുന്ന ആദ്യത്തെ സിനിമയാണ് റേച്ചൽ, അതുകൊണ്ട് തന്നെ സിനിമാ പ്രേക്ഷകർക്ക് റേച്ചൽ ഒരു പുതിയ അനുഭവം തന്നെയാകും. ശരീരമാണ് തന്റെ ആയുധമെന്ന പ്രഖ്യാപിച്ച നടിയാണ് ഹണി റോസ്, അതിന്റെ ഭംഗിയിൽ പൊട്ടിയൊലിക്കുന്ന സദാചാര മനുഷ്യരുടെ ആൺ ബോധങ്ങൾ തന്നെയാണ് ഹണി റോസിനെ സിനിമയില്ലാത്ത സമയങ്ങളിൽ പോലും നമുക്ക് പരിചിതയാക്കുന്നത്. റേച്ചൽ മികച്ച ശക്തയായ ഒരു സ്ത്രീ കഥാപാത്രമാണെങ്കിൽ ഹണി റോസിന്റെ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാകാൻ ഈ സിനിമയ്ക്ക് കഴിയും. തന്റെ മേൽ ആക്ഷൻ ഹീറോ ബിജുവിലും മറ്റും ആരോപിക്കപ്പെട്ട മോശം തമാശകളെ റേച്ചൽ എന്ന സിനിമയിൽ കഴുകി കളയാൻ എബ്രിഡ് ഷൈനിന് കഴിഞ്ഞാൽ റേച്ചൽ ഒരു മികച്ച സിനിമാനുഭവമാകും.
മഹായാനം സിനിമയിലെ സീമയുടെ കണ്ണുകളോടും ഭാവത്തോടുമാണ് റേച്ചൽ സിനിമയിലെ ഹണി റോസ് ചേർന്ന് നിൽക്കുന്നത്. സകലതിനോടുള്ള കലഹവും, മറ്റൊരാളാലും ആക്രമിക്കപെടാതിരിക്കാൻ അവൾ തന്നെ രൂപപ്പെടുത്തുന്ന ഒരു മുഖം മൂടിയുമായിരിക്കും ഒരുപക്ഷെ റേച്ചലിന്റെ ഈ തീക്ഷ്ണമായ നോട്ടങ്ങൾക്ക് പിറകിൽ. കന്മദം സിനിമയിലെ മഞ്ജു വാര്യരെയും ഹണി റോസിന്റെ കണ്ണുകൾ ഓർമ്മിപ്പിക്കുന്നുണ്ട്.
View this post on Instagram
ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ഒന്നിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. സംസ്ഥാന , ദേശീയ പുരസ്‌കാര ജേതാക്കളായ നിരവധി പേർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട് . അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. എം ആർ രാജകൃഷ്ണൻ ശബ്ദ സംയോജനവും സംസ്ഥാന അവാർഡ് ജേതാവായ ശങ്കർ ശബ്ദ സംവിധാനവും ചെയ്യുന്നുണ്ട് .