വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ അത്രമേൽ ശ്രദ്ധ പുലർത്തുന്ന രാജ് ബി ഷെട്ടിയുടെ പുതിയ ചിത്രമാണ് ‘ടോബി’. മലയാളികൂടിയായ നവാഗത സംവിധായകൻ ബാസിൽ എ. എൽ. ചാലക്കൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇപ്പോഴിതാ ഓഗസ്റ്റ് 25 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന്റെ ഭാഗമായി മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ മലയാളത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്ന ‘രുധിരം’ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജ് ബി ഷെട്ടി.
രാജ് ബി ഷെട്ടിയുടെ വാക്കുകൾ…
‘രുധിരം’ എന്ന സിനിമ ഇപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞു, അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്, എഡിറ്റിങ് തുടങ്ങി ഈ ഒരു ഘട്ടത്തിലാണ് ഇപ്പോൾ സിനിമ നിൽക്കുന്നത്. എഡിറ്റിങ്ങിന്റെ അവസാന ഘട്ടത്തിൽ ഇരിക്കുകയാണ്. കൂടാതെ ഇനി സംഗീതം, സൗണ്ട് ഇതെല്ലാം ചെയ്യാനുണ്ട്, നിർമ്മാതാവാണ് ഇനി തീരുമാനമെടുക്കേണ്ടത്, റിലീസ് എപ്പോഴാണെന്ന് അറിയില്ല. സിനിമയുടെ ജോലിയെല്ലാം തുടർച്ചയായി പോയിക്കൊണ്ടിരിക്കുകയാണ്.
ഓരോ സിനിമയുടെ മേക്കിങ്ങിലും, പെർഫോമൻസിലും അത്രയേറെ പുതുമകൾ വരുത്തിക്കൊണ്ട് സിനിമ മേഖലയിലേക്ക് തന്റേതായ ഒരിടം സ്ഥാപിച്ചു വരികയാണ് രാജ് ബി ഷെട്ടി. രാജ് ബി ഷെട്ടി ‘ടോബി’യെന്ന കേന്ദ്രകഥാപാത്രമായും, ചൈത്ര ആചാർ, സംയുക്ത ഹെർണാഡ് മറ്റു പ്രധാന വേഷങ്ങളിലും എത്തിയ ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 25 നായിരുന്നു.
നേരത്തെ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ലൈറ്റർ ബുദ്ധ ഫിലിംസും അഗസ്ത്യഫിലിംസും കൂടി ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണ് ടോബി. രാജ് ബി. ഷെട്ടി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഒന്തു മുട്ടൈ കഥെയ് ‘ , ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ പ്രവീൺ ശ്രിയാനാണ് സിനിമക്കായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ദേഷ്യത്തിന്റെ കാര്യത്തിൽ അത്രയേറെ മുൻപന്തിയിൽ നിൽക്കുന്ന ഈ അഭിനേതാവിന്റെ ജീവിത അനുഭവങ്ങളും പ്രണയവും എല്ലാം പേപ്പറിലേക്ക് പകർത്തിയതാണ് ഈ സിനിമയെന്ന് രാജ് ബി ഷെട്ടി തന്നെ വ്യക്തമാക്കിയിരുന്നു. നമ്മൾ എല്ലാവരും തുല്യരാണ് എന്നാൽ സ്വഭാവത്തിൽ ഉള്ള വ്യത്യാസം ഉയർച്ചയും താഴ്ചയും തീരുമാനിക്കുമ്പോൾ പലർക്കും പല സ്ഥാനങ്ങൾ ലഭിക്കുന്നു. അത് എന്നെ വല്ലാതെ ബാധിച്ചു അതുകൊണ്ടാണ് ഞാൻ ഇത്തരം ഒരു കഥ എഴുതിയത്. ഈ സിനിമയിൽ മാസ്സ് രംഗങ്ങളും, കഥയും ഒപ്പം ഒരു ലവ് സ്റ്റോറിയും കടന്നു പോകുന്നുണ്ട് എന്നും രാജ് ബി ഷെട്ടി തന്നെ പറയുന്നുണ്ട്.
ഈ സിനിമയിൽ എടുത്തുപറയേണ്ടത് മലയാളികളുടെ സാന്നിധ്യം തന്നെയാണ്. അണിയറ പ്രവർത്തകരിൽ പ്രധാനികളായ പലരും മലയാളികളാണ്. സംവിധായകനെ കൂടാതെ പ്രൊഡക്ഷൻ ഡിസൈനറായ അർഷദ് നാക്കോത്തും, സിനിമയുടെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ആദർശ് പാലമറ്റവും, മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്ന റോണക്സ് സേവ്യറും മലയാളികളാണ്. സിനിമയുടെ പിആർഒ ശബരിയാണ്.