ഇന്ത്യൻ സിനിമ കണ്ട ചലച്ചിത്ര ഇതിഹാസമാണ് തലൈവർ രജനീകാന്ത്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് അദ്ദേഹം. ഇപ്പോഴിതാ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ സന്ദർശിച്ചിരിക്കുകയാണ് രജനീകാന്ത്. തിങ്കളാഴ്ച ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പ്രധാനമന്ത്രി തലൈവരെ കൈകൊടുത്ത് ആലിംഗനം ചെയ്ത് സ്വീകരിക്കുന്നതോടൊപ്പം രജനിയുടെ ഹിറ്റ് സിനിമയായ ശിവാജിയിലെ മൊട്ട ബോസിനെ അനുകരിക്കുകയും ചെയ്തു. ഇരുവരുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അതിനിടെ രജനിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് എക്സ് പേജിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മലേഷ്യൻ പ്രധാനമന്ത്രി. “ഏഷ്യൻ, അന്താരാഷ്ട്ര കലാ ലോക വേദികളിൽ സുപരിചിതനായ ഇന്ത്യൻ നടൻ രജിനികാന്ത് എന്നെ സന്ദർശിച്ചു. ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും സംബന്ധിച്ച എന്റെ പോരാട്ടത്തിന് അദ്ദേഹം നൽകിയ ബഹുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. പല കാര്യങ്ങളും അദ്ദേഹവുമായി ചർച്ച നടത്തി. രജനികാന്ത് ഈ മേഖലയിലും സിനിമാ ലോകത്തും ഇനിയും മികവ് പുലർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു” പ്രധാനമന്ത്രി വ്യക്തമാക്കി.
Hari ini saya menerima kunjungan bintang filem India, Rajinikanth yakni satu nama yang tidak asing lagi di pentas dunia seni asia dan antarabangsa.
Saya hargai penghormatan yang diberikan beliau terhadap perjuangan saya khasnya terkait isu kesengsaraan dan penderitaan rakyat.… pic.twitter.com/Sj1ChBMuN6
— Anwar Ibrahim (@anwaribrahim) September 11, 2023
അതേസമയം, രജനീകാന്ത് നായകനായി എത്തിയ ”ജയിലർ” ലോകമെമ്പാടും വൻ വിജയമാണ് കരസ്ഥമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ആഗോള വ്യാപകമായി ചിത്രം 650 കോടിയിലേറെയാണ് നേടിയത്. ജയിലർ സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ രജനികാന്തിനും സംവിധായകൻ നെൽസണും സംഗീത സംവിധായകന്‍ അനിരുദ്ധിനും പ്രതിഫലത്തിന് പുറമെ നിർമ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനിച്ചതും വലിയ വാർത്തയായിരുന്നു.
മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ.ജയിലറിനും രജനീകാന്തിനുമൊപ്പം മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാവുകയാണ്. 10 മിനിറ്റോളം നേരമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുള്ളത്. എന്നാല്‍ മിനിറ്റുകള്‍കൊണ്ട് താരം തിയറ്ററിനെ പൂരപ്പറമ്പാക്കി എന്നാണ് കമന്റുകള്‍. കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി, സുനിൽ, രമ്യ കൃഷ്ണൻ എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. രജനികാന്തിന്റെ കരിയറിലെ 169-ാമത് സിനിമയാണ് ജയിലർ. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. നെൽസന്റെയും രജനിയുടെയും ഒരു ഗംഭീര തിരിച്ചുവരവ് തന്നെയായിരുന്നു ജയിലർ എന്ന് നിസ്സംശയം പറയാൻ സാധിക്കും.