പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് തീയേറ്ററിൽ വിജയം കൊയ്ത സിനിമയാണ് ‘ആർഡിഎക്സ്’. ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25 നായിരുന്നു ചിത്രം റീലീസ് ചെയ്തത്. ഇപ്പോഴിതാ റിലീസ് ആയി 9 ദിവസത്തിന് ശേഷം 50 കോടി നേടി മികച്ച കളക്ഷനോടെ മുന്നേറികൊണ്ടിരിക്കുകയാണ് ചിത്രം. സിനിമയ്ക്ക് മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ 32 കോടി ഇന്ത്യയില്‍ നിന്നും 18 കോടി രൂപ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമാണ് ചിത്രം നേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിൽ ആര്‍ഡിഎക്സ് ഇടംപിടിച്ചിരിക്കുകയാണ്.

അതേസമയം, തിയറ്ററിൽ പ്രേക്ഷകർക്ക് മനോഹരമായ അനുഭൂതി നൽകിയ ‘നീല നിലാവെ…’ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. സാം സി എസ് ആണ് മനോഹരമായ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് . ഗാനത്തിനും ഷെയ്നിന്റെ നൃത്തത്തിനും വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗാനം യൂട്യൂബിൽ പുറത്തിറങ്ങിയതിനു പിന്നാലെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. ആർഡിഎക്സിനെയും ഷെയ്ൻ നിഗത്തെയും പ്രശംസിച്ച് കൊണ്ടാണ് ഏറ്റവും കൂടുതൽ കമന്റുകൾ വരുന്നത്.

സിനിമ പുറത്തിറങ്ങുന്നതിന് മുൻപേ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് വന്‍ തുകയ്ക്ക് ആർഡിഎക്സിന്റെ റൈറ്റ്സ് സ്വന്തമാക്കിയിരുന്നു. സിനിമയിറങ്ങുന്നതിന് മുന്നേതന്നെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ആര്‍ഡിഎക്‌സിന്റെ നിർമ്മാതാക്കൾ. മലയാളസിനിമയിലെ വമ്പൻ ഹിറ്റായ മിന്നൽ മുരളി ,ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ നിർമ്മിച്ച ടീമാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് തിരക്കഥ ചെയ്തത്.

ചിത്രത്തിൽ നായകന്മാരെപ്പോലെതന്നെ വില്ലൻമാരും, മറ്റു അഭിനേതാക്കളുമെല്ലാം വളരെയധികം ശ്രദ്ധേയമായ പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. തീയേറ്ററുകളിൽ വളരെ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിലെ, വില്ലന്‍ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ച അഭിനേതാക്കളുടെ പ്രയത്നത്തെക്കുറിച്ച് ആന്‍റണി വര്‍ഗീസ് പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഈ ചിത്രം വില്ലൻമാരുടേതുകൂടിയാണെന്നാണ് പെപ്പെ പറഞ്ഞത്. തന്റെ ഫേസ്ബുക്കിലൂടെയാണ് പെപ്പെ കുറിപ്പ് പങ്കുവെച്ചത്.

