വേറിട്ട വേഷങ്ങൾ പരീക്ഷിച്ചു വിജയിപ്പിക്കുന്നതിൽ അഗ്രഗണ്യനാണ് തെന്നിന്ത്യൻ താരം ചിയാൻ വിക്രം. പ്രഖ്യാപനം മുതൽതന്നെ വ്യത്യസ്തമായ ലുക്കുകൊണ്ടും, താരനിരകൊണ്ടും ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന വിക്രമിന്റെ ചിത്രമാണ് ‘തങ്കലാൻ’. പാ രഞ്‍ജിത്താണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം എന്നതിലുപരി വിക്രമിന്റെ വേഷപ്പകർച്ചയാണ് ഏറെ ചർച്ചയായത്. വലിയ മേയ്‍ക്കോവറിലാണ് വിക്രം തങ്കലാൻ സിനിമയിൽ എത്തുന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന വിക്രത്തിന്റെ പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ് ആണ് ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുന്നത്.
Big buzz #Thangalaan gearing up for a Pongal 2024 Release. @chiyaan pic.twitter.com/PZoIIYCksi
— Sreedhar Pillai (@sri50) October 22, 2023
‘തങ്കലാൻ’ 2024 പൊങ്കൽ റിലീസായി പ്രദർശനത്തിനെത്തുമെന്നാണ് ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‍ഡേറ്റ്. ചില ട്രേഡ് അനലിസ്റ്റുകളാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാർ നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ചിയാൻ വിക്രം നായകനാകുന്ന ചിത്രം തങ്കലാന്റെ പ്രദർഷനത്തിനായാണ് ആരാധകരുടെ ഇനിയുള്ള കാത്തിരിപ്പ്.
തങ്കലാന്റെ നിർമാണമൊരുങ്ങുന്നത് സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് . ഉയർന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിർമാതാവ് ജ്ഞാനവേൽ രാജ മുൻപ് വ്യക്തമാക്കിയിരുന്നത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിൻറെ പശ്ചാത്തലം കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്‍സ് ആണ് എന്നും നേരത്തെതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‍സിൽ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചനകളിൽനിന്നും മനസിലാക്കുന്നത്.
നടിമാരായ പാർവതി തിരുവോത്തും, മാളവിക മോഹനും പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘തങ്കലാൻ’ ചിത്രത്തിൽ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ് നിർവഹിക്കുന്നത്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രമാണിത് ‘തങ്കലാന്റെ’ കലാ സംവിധാനം നിർവഹിക്കുന്നത് എസ് എസ് മൂർത്തിയാണ്.
ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ജൂലൈയിൽ പൂർത്തിയായെന്ന് റിപോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൻറെ അണിയറപ്രവർത്തകരും വിക്രവും ഉൾപ്പെടുന്ന പാക്ക് അപ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. രോമാഞ്ചം സിനിമയിലെ പാട്ടും എഫക്റ്റും ചേർത്താണ് വീഡിയോ നിർമ്മിച്ചിരുന്നത്.