നിരവധി സിനിമകള്‍ അഞ്ഞൂറ് കോടി ക്ലബിലും ആയിരം കോടി ക്ലബിലുമൊക്കെ ഇടം പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ വരാറുണ്ട്.
എന്നാല്‍ ബോക്‌സ് ഓഫീസ് കളക്ഷനുകളെക്കുറിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ അഭിപ്രായം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 100 കോടി ക്ലബില്‍ ഇടം നേടിയെന്ന് പറയുന്നത് തള്ളല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
‘ടിക്കറ്റ് ചാര്‍ജ് ഒരു ആവറേജ് 150 കൂട്ടിക്കോ. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ബാഹുബലി 2 അമ്പത് ലക്ഷം ആളുകള്‍ കണ്ടിരുന്നു. 76 കോടിയാണ് അതിന്റെ കളക്ഷന്‍. അമ്പതാം ദിവസം പോലും ഹൗസ് ഫുള്ളായി ഓടിയ പടമാണ്. ലോജിക്കലി ചിന്തിക്കൂ, കേരളത്തെ സംബന്ധിച്ച് അമ്പത് ലക്ഷം പേരാണ് മാക്‌സിമം കാണുന്നത്. മലയാളത്തില്‍ നിന്ന് ഒരു സിനിമയ്ക്ക് കളക്ട് ചെയ്യാന്‍ കഴിയുന്നതിന്റെ മാക്‌സിമം 75 കോടിയാണ്.
സാറ്റ്ലൈറ്റോ ഓടിടിയോ ഒക്കെ കിട്ടിയാലും നൂറ് കോടിയേ കിട്ടുള്ളൂ. അതില്‍ ടാക്‌സും മറ്റും പോകും. നൂറ് കോടി കളക്ട് ചെയ്യുന്ന സിനിമയുടെ നിര്‍മാതാവിന് 30 കോടിയേ കിട്ടൂ. അയാളുടെ ലാഭം 20 കോടിയാണ്. ഇതാണ് സത്യം. അത്യാവശ്യം ഹിറ്റായ ഒരു സിനിമയുടെ നിര്‍മാതാവ് പറഞ്ഞിരുന്നു, അവര്‍ 25 കോടിയാണ് കളക്ട് ചെയ്തതെന്ന്.
ഒരു തീയേറ്ററില്‍ 150 അല്ലെങ്കില്‍ 200 പേര്. ഹൗസ് ഫുള്ളായി നാല് ഷോ നടത്തിയാല്‍ 800 ആളുകള്‍. 100 തീയേറ്ററാണെങ്കില്‍ 80,000. മുന്നൂറ് തീയേറ്ററുണ്ടെങ്കില്‍ 2,40000 ആളുകള്‍. നൂറ് കോടി ആവറേജ് കൂട്ടിയാല്‍ രണ്ട് കോടി നാല്‍പ്പതിനായിരം. ഒരു ദിവസത്തെ കളക്ഷന്‍ മാക്‌സിമം മൂന്നരക്കോടി. ആദ്യത്തെ മൂന്ന് ദിവസം കഴിഞ്ഞ് തീയേറ്ററില്‍ പോയാല്‍ മനസിലാകും അവിടെ എത്രയാളുണ്ടെന്ന്. നാലാമത്തെ ആഴ്ച ഒടിടിയില്‍ വരുന്ന സിനിമയാണ്. 100 കോടി കളക്ട് ചെയ്യണമെങ്കില്‍ 65 ലക്ഷം ആളുകള്‍ തീയേറ്ററില്‍ പോയി സിനിമ കാണണം. കേരളത്തിലെ മുഴുവന്‍ സിനിമാപ്രാന്തന്മാര്‍ കണ്ടാല്‍ പോലും അത്ര കിട്ടില്ല. ‘- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
അതേസമയം, ആതിരയുടെ മകള്‍ അഞ്ജലി എന്ന ചിത്രവുമായി നാലുവര്‍ഷത്തിനുശേഷമാണ് സന്തോഷ് പണ്ഡിറ്റ് വന്നത്. സെപ്റ്റംബര്‍ 21 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. നൂറിലേറെ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ്.
2011ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ രംഗപ്രവേശം. സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്തിട്ടുണ്ട്. ചിത്രങ്ങളുടെ മറ്റ് സാങ്കേതിക മേഖലകളും സന്തോഷ് കൈകാര്യം ചെയ്തു. 2019 ല്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ ആണ് സന്തോഷ് പണ്ഡിറ്റ് നായകനായും സംവിധായകനായും അവസാനം പുറത്തിറങ്ങിയ ചിത്രം.