പത്മരാജന്റെ കഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് പ്രാവ് . അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, യാമി സോന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ എം എൽ യും പ്രമുഖ രാഷ്ട്രീയ പ്രവർത്തകയുമായ ഷാനിമോൾ ഉസ്മാൻ.
ഷാനിമോൾ ഉസ്മാന്റെ കുറിപ്പ്…
നീണ്ട 35 വർഷങ്ങൾക്കു ശേഷം ഞാൻ തിയേറ്ററിൽ കണ്ട ചിത്രമാണ് പ്രാവ്. യുഗപ്രതിഭയായ പത്മരാജന്റെ തൂലികയിൽ നിന്നും പിറവികൊണ്ട കഥ എന്ന നിലയിൽത്തന്നെ ഈ ചലച്ചിത്രം മലയാളമേറ്റടുത്തിരിക്കുന്നു. പുതുമുഖങ്ങളായ ആദർശ് രാജയും യാമി സോനയും ഇന്നത്തെ യുവതലമുറയുടെ പ്രതിനിധികളാണ്. അവരുടെ അഭിനയമികവ് കണ്ടറിയേണ്ടതുതന്നെയാണ്. പവിത്രമായ പ്രണയവും മദ്യത്തിന്റെ മധ്യസ്ഥതയിൽ ഉള്ള പൊറുക്കാനാകാത്ത കുറ്റകൃത്യങ്ങളും ഇതിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം ഒരു പ്രമേയമാക്കിയിട്ടുള്ള കേരളത്തിൽ പൊരുതി ജയിക്കുന്ന ഒരു പെൺകുട്ടിയെയും ഇവിടെ കാണാം. ആത്മസംഘർഷത്തിൽ നട്ടം തിരിയുന്ന ചെറുപ്പക്കാർക്ക് പ്രചോദനമാകുന്ന ഈ ചിത്രത്തിൽ അമിത് ചക്കാലക്കൽ, നിഷ സാരംഗ്, തകഴി രാജശേഖരൻ, മനോജ് കെ യു, സാബുമോൻ എന്നിവർ അഭിനയത്തിനപ്പുറം ജീവിക്കുകയായിരുന്നു. സംവിധായകൻ നവാസ് അലിയെയും അഭിനന്ദിക്കുന്നു. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഭാവുകങ്ങൾ നേരുന്നു.
കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക അഭിപ്രായങ്ങളുമാണ് ലഭിക്കുന്നത്. ചിത്രത്തിൽ അജയൻ തകഴി, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിച്ചത്.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് ആന്റണി ജോ ആണ്. അനീഷ് ഗോപാൽ ആണ് പ്രൊഡക്ഷൻ ഡിസൈനറായെത്തിയത്. വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് അരുൺ മനോഹറും, മേക്കപ്പ് ചെയ്തിരിക്കുന്നത് ജയൻ പൂങ്കുളവുമാണ്. ഗാനരചന നിർവിച്ചത് ബി.കെ. ഹരിനാരായണനും , സംഗീതം ഒരുക്കിയത് ബിജി ബാൽ ആണ്. എഡിറ്റിംഗ് നിർവഹിച്ചത് ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി എ എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളറായി ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്, സ്റ്റിൽസ് ഫസ ഉൾ ഹഖ്, ഡിസൈൻസ് ഒരുക്കിയത് പനാഷേ എന്നിവരാണ്. പി ആർ ഓ: പ്രതീഷ് ശേഖർ.