പ്രിയ സുഹൃത്തും നടനുമായ കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗായകൻ ശരത്ത് .പല വേദികളിലും കണ്ടുമുട്ടുമ്പോൾ പുഞ്ചിരിയുമായി ഓടിയെത്തിയിരുന്ന ഒരു സാധുവായ മനുഷ്യനായിരുന്നു ജോണിയെന്ന് അദ്ദേഹം പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം…..
”അരങ്ങത്ത് വില്ലനായിരുന്ന നമ്മുടെ സ്വന്തം കുണ്ടറ ജോണി എന്റെ ജോണി അണ്ണാച്ചി, പല വേദികളിലും കണ്ടുമുട്ടുമ്പോൾ പുഞ്ചിരിയുമായി ഓടിയെത്തിയിരുന്ന ഒരു സാധുവായ മനുഷ്യനായിരുന്നു. അദ്ദേഹം,എങ്ങനെ നിങ്ങൾക്ക് ഇങ്ങനെ ക്രൂരനാവാൻ കഴിയുന്നു എന്ന ചോദ്യത്തിനും ഒരു പൊട്ടിച്ചിരി മാത്രമായിരുന്നു അദ്ദേഹത്തിന് ഉത്തരം.. കണ്ണീരിൽ കുതിർന്ന പ്രണാമം”കുണ്ടറയിൽ കുറ്റിപ്പുറംവീട്ടിൽ പരേതരായ ജോസഫിന്റെയും കാതറിന്റെയും മകനായാണ് ജോണിയുടെ ജനനം. ഫാത്തിമ മാതാ നാഷനൽ കോളജ്, കൊല്ലം എസ്.എൻ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് ഫുട്ബാൾ താരമായിരുന്ന അദ്ദേഹം ഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം പാരലൽ കോളേജിൽ അധ്യാപകനായി ജോലി ചെയ്യവേയാണ് 1979ൽ പുറത്തിറങ്ങിയ ‘നിത്യവസന്തം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.ഇരുപത്തി മൂന്നാമത്തെ വയസ്സിൽ അഭിനയ രംഗത്ത് കടന്ന് വന്ന ജോണി പിന്നീട് തനറെ അഭിനയമികവ് കൊണ്ട് വെള്ളിത്തിരയിലെ ശ്രദ്ധേയ നടനായി മാറുന്ന കാഴ്ച്ചയാണ് ഉണ്ടായത് .
മീൻ, പറങ്കിമല, കരിമ്പന, ഗോഡ്ഫാദർ, കിരീടം, ചെങ്കോൽ, നാടോടിക്കാറ്റ്, ദാദാസാഹിബ്, ഭരത്ചന്ദ്രൻ ഐ.പി.എസ്., കുട്ടിസ്രാങ്ക്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലെ ജോണിയുടെ വേഷങ്ങൾ മലയാള സിനിമയിൽ അദ്ദേഹത്തിന് താരപ്പൊലിമ നൽകി.പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിലൂടെ തനിക്ക് വില്ലൻ വേഷങ്ങൾ മാത്രമല്ല ഹ്യൂമറും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.നൂറിലധികം ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട തുടങ്ങി അന്യഭാഷാ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.ഈ ഭാഷകളിലെല്ലാം തന്റേതായ സ്ഥാനം നേടിയെടുക്കാൻ ജോണിക്ക് എളുപ്പം സാധിച്ചിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മാത്രമല്ല, ജയനും പ്രേംനസീറും അടക്കമുള്ള മുൻകാല നായകർക്കൊപ്പവും ജോണി അഭിനയിച്ചിട്ടുണ്ട്.
നാല്പത്തിനാല് വർഷത്തിനിടയിൽ നൂറോളം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും കിരീടത്തിലെ പരമേശ്വരൻ എന്ന കഥപാത്രത്തിന് ലഭിച്ച പ്രേക്ഷകപ്രീതി ജോണിയുടെ മറ്റൊരു ചിത്രത്തിനും ലഭിച്ചിട്ടില്ല .അത്രമാത്രം സ്വീകാര്യത ലഭിച്ച കഥപാത്രമായിരുന്നു കിരീടത്തിലെ പരമേശ്വരൻ.
കുണ്ടറ ജോണിയെന്ന നടന് തെലുങ്കിലേക്കും തമിഴിലേക്കും കന്നഡയിലേക്കും അവസരം നേടിക്കൊടുത്തത് പോലും കിരീടം എന്ന സിനിമയാണ്.നാലു ഭാഷകളിലേക്ക് കിരീടം മൊഴിമാറ്റപ്പെട്ടപ്പോഴും പരമേശ്വരനെ ജോണി അനശ്വരമാക്കുകയായിരുന്നു.ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്ത മേപ്പടിയാനിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്.