നടനും സംവിധായകനുമായ ജി മാരിമുത്തുവിന്റെ പെട്ടെന്നുള്ള വിയോഗം തമിഴ് ടിവി, സിനിമാ വ്യവസായങ്ങളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഇരുമേഖലകളിലും അദ്ദേഹം ഒരു പോലെ സജീവമായിരുന്നു ആദിമുത്തു ഗുണശേഖരന്‍ സംവിധാനം ചെയ്യുന്ന ‘എതിര്‍ നീചല്‍’ എന്ന ഹിറ്റ് തമിഴ് സീരിയലിന്റെ ഡബ്ബിങ് ചെയ്യുന്നതിനിടെയാണ് താരം മരിച്ചത്. മരണവാര്‍ത്ത പുറത്തു വന്നതു മുതല്‍ താരത്തിന്റെ നിരവധി വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലാവുന്നത്. തന്റെ മരണം പ്രവചിക്കുന്നത് പോലെയുള്ള വീഡിയോ ആണ് ഇപ്പോള്‍ ആരാധകരെ വിഷമിപ്പിക്കുന്നത്.
അവസാനമായി അദ്ദേഹം ഡബ്ബ് ചെയ്തിരുന്ന സീരിയലില്‍ നിന്നുള്ളതാണ് ഈ രംഗം. ആ രംഗത്തില്‍, ആദിമുത്തു ഗുണശേഖരന്‍ എന്ന കഥാപാത്രമായ ജി മാരിമുത്തു മറ്റൊരു കഥാപാത്രത്തോട് പറയുകയാണ്, ‘എന്തോ മോശം സംഭവിക്കാന്‍ പോകുന്നുവെന്ന് തോന്നുന്നു. നെഞ്ചില്‍ ഒരു വേദന ഇടയ്ക്കിടയ്ക്ക് വരുന്നു. ശരിക്കുമുള്ള വേദനയാണോ അതോ എനിക്ക് തോന്നുന്നതോ എന്നറിയില്ല. ഇടയ്ക്കിടെ അത് വരും, മോശമായ എന്തോ കാര്യത്തെക്കുറിച്ച് ഇത് മുന്നറിയിപ്പ് നല്‍കുന്നതായി എനിക്ക് തോന്നുന്നു.’ എന്നാണ് ആ വീഡീയോയിലെ രംഗത്തിലുള്ളത്.
സീരിയലും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള അസാധാരണമായ ബന്ധം ചൂണ്ടിക്കാട്ടി നടന്റെ അനവധി ആരാധകര്‍ ക്ലിപ്പ് വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കതിറിനെ അവതരിപ്പിച്ച സഹനടന്‍ വിഭുരാമനെ ഈ രംഗം എങ്ങനെ ബാധിക്കും എന്ന് ഒരു ഉപയോക്താവ് കുറിച്ചു. ‘കതിറായി അഭിനയിച്ച നടന്‍ ഈ രംഗം ഓര്‍ക്കുമ്പോള്‍ അസ്വസ്ഥനാക്കും.’
പതിറ്റാണ്ടുകളായി ഇന്‍ഡസ്ട്രിയിലുണ്ടെങ്കിലും അടുത്ത ദിവസങ്ങളില്‍ മാത്രമാണ് മാരിമുത്തു ജനപ്രീതിയിലേക്ക് ഉയര്‍ന്നത്. മാരി സെല്‍വരാജിന്റെ ‘പരിയേറും പെരുമാളിലെ’ പ്രകടനത്തിലൂടെ അദ്ദേഹം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. തന്റെ അഭിനയ ജീവിതത്തേക്കാള്‍, തന്റെ ധീരമായ വീക്ഷണങ്ങള്‍ക്കും പേരു കേട്ടയാളാണ് മാരിമുത്തു. അത് ചില സമയങ്ങളില്‍ അദ്ദേഹത്തെ കുഴപ്പത്തിലാക്കിയിട്ടുമുണ്ട്.
രജനികാന്തിന്റെ ‘ജയിലറി’ലാണ് മാരിമുത്തു അവസാനമായി ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. കമല്‍ഹാസന്റെ ‘വിക്രമിലും’ അദ്ദേഹം ഒരു ചെറിയ വേഷത്തില്‍ എത്തിയിരുന്നു. സൂര്യയുടെ ‘കങ്കുവ’യിലും കമല്‍ഹാസന്റെ ‘ഇന്ത്യന്‍ 2’വിലും വേഷങ്ങള്‍ ചെയ്തിരുന്നു.
Can’t believe Actor #Marimuthu ‘s
dialogues in a recent episode of #EthirNeechal sadly happened in real life..Tragic.. #RIPMariMuthu pic.twitter.com/T94u6Y9HiC
— Ramesh Bala (@rameshlaus) September 8, 2023
തമിഴ് സീരിയല്‍ നടന്‍ കമലേഷ്, വ്യാഴാഴ്ച താന്‍ അദ്ദേഹത്തെ അവസാനമായി കണ്ടതായി പറഞ്ഞു. ‘മാരിമുത്തു വടപളനിയിലെ ഒരു സ്റ്റുഡിയോയില്‍ ഡബ്ബ് ചെയ്യുന്നതിനിടെ കുറച്ച് അസ്വസ്ഥത അനുഭവപ്പെട്ടതായി പറഞ്ഞു പുറത്തേക്ക് പോയി. ശുദ്ധവായു കിട്ടാനായിരിക്കും എന്ന് ഞങ്ങള്‍ കരുതി, പക്ഷേ അദ്ദേഹം വളരെ നേരം കഴിഞ്ഞിട്ടും സ്റ്റുഡിയോയിലേക്ക് മടങ്ങിയില്ല. ഞങ്ങള്‍ പുറത്തു പോയി നോക്കിയപ്പോള്‍ അവിടെ അദ്ദേഹം ഉണ്ടായിരുന്നില്ല. മകളെ വിളിച്ചപ്പോള്‍ അദ്ദേഹം സൂര്യ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതായി പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് ആള് പോയി എന്നറിയുന്നത്.’
2008 ല്‍ പുറത്തിറങ്ങിയ ‘കണ്ണും കണ്ണും’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഒട്ടനവധി ചിത്രങ്ങളില്‍ നടനായും, സപോര്‍ട്ടിങ് കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. വാണിജ്യപരമായ തമിഴ് സിനിമകളുടെ കാലത്ത് അതില്‍ നിന്നും വ്യത്യസ്തമായ സിനിമകള്‍ ചെയ്തുകൊണ്ടാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2011 ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശ് എന്ന മലയാള സിനിമയിയുടെ കഥ വികസിപ്പിച്ചുകൊണ്ട് 2014 ല്‍ മാരിമുത്തു പുലിവാല്‍ എന്ന സിനിമയും സംവിധാനം ചെയ്തു.
2010-കളില്‍ അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന് മുന്‍ഗണന നല്‍കുകയും, തമിഴ് സിനിമകളില്‍ നിരവധി സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2011 ല്‍ പുറത്തിറങ്ങിയ യുദ്ധം സെയ് എന്ന സിനിമയിലൂടെയാണ് മിഷ്‌കിന്‍ അദ്ദേഹത്തെ ഒരു നടനായി പരിചയപ്പെടുത്തുന്നത് , അതില്‍ അദ്ദേഹം അഴിമതിക്കാരനായ ഒരു പോലീസ് ഓഫീസറായി അഭിനയിച്ചിരുന്നു. ആരോഹണം (2012), നിമിര്‍ധു നില്‍ (2014), കൊമ്പന്‍ (2015) എന്നിവയുള്‍പ്പെടെയുള്ള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
2022-ല്‍ എതിര്‍നീച്ചല്‍ എന്ന ചിത്രത്തിലൂടെ ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇതിലൂടെ അദ്ദേഹത്തിന്റെ അഭിനയ വൈദഗ്ധ്യത്തിന് വലിയ ആരാധകരെയാണ് ലഭിച്ചത്. തമിഴ് സിനിമ ലോകത്തെ പ്രമുഖ താരങ്ങളില്‍ മിക്കവര്‍ക്കും ഒപ്പം വേഷമിടാന്‍ ഭാഗ്യം ലഭിച്ച ഒരാളാണ് ഈ താരം. അറുപത്തി നാലോളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
ജയിലറയില്‍ വില്ലനോടൊപ്പം എത്തി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. കുറച്ച് സീനുകളില്‍ മാത്രമാണ് എത്തുന്നതെങ്കിലും ചില നോട്ടങ്ങള്‍ക്കൊണ്ട് തന്നെ താന്‍ ഇവിടെ ഉണ്ടെന്ന് അറിയിക്കാന്‍ ഈ കലാകാരന് സാധിച്ചിട്ടുണ്ട്. ലോകേഷ് കനകരാജിന്റെ വിക്രമിലും വേഷമിട്ടിട്ടുണ്ട്.
ഒട്ടേറെ നല്ല സിനിമകള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഒന്നിലും വിജയം കണ്ടെത്താന്‍ കഴിയാത്തതിന്റെ വിഷമം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഓരോ കഥകളിലും താന്‍ പറഞ്ഞു പോകാന്‍ ശ്രമിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. എന്നാല്‍ അത് താന്‍ വിചാരിച്ച രീതിയില്‍ ആളുകളിലേക്ക് എത്താത്തതിലുള്ള വൈകാരികമായ പിരിമുറുക്കങ്ങളുമുണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.