തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന നായികയാണ് പൂജ ഹെഗ്‌ഡെ. താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്നു. എന്നാൽ അവയെല്ലാം അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ കുടുംബം. പ്രമുഖനായ ഒരു ക്രിക്കറ്റ് താരവുമായി പൂജ ഹെഗ്‌ഡെയുടെ വിവാഹം നടക്കാൻ പോകുന്നു എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.
ഈ റിപ്പോർട്ടുകൾ തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടി പൂജ ഹെഗ്‌ഡെയുടെ കുടുംബം. വിവാഹത്തെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും തന്റെ കരിയറിൽ ശ്രദ്ധിക്കാനാണ് നടിയുടെ തീരുമാനമെന്നും പൂജയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ വിഷയത്തിൽ നടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രമുഖ ക്രിക്കറ്റ് താരവുമായി താരം പ്രണയത്തിലാണെന്നും ഉടൻ വിവാഹിതയാവുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. കോളിവുഡ് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടിരുന്നത്. നേരത്തെ നടിയും ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.
‘താരം ഇപ്പോൾ ഒരു തെലുങ്ക് സിനിമയുമായി ബന്ധപ്പെട്ട തിരക്കഥ കേട്ടുകൊണ്ടിരിക്കുകയാണ്. തമിഴ്, ഹിന്ദി സിനിമാ വ്യവസായങ്ങൾക്ക് പുറത്ത്, ടോളിവുഡിലും അവർക്ക് വലിയൊരു കരിയറുണ്ട്. തെലുങ്ക് നിർമാണക്കമ്പനിയുമായി സഹകരിച്ച് മൂന്നു സിനിമയാണ് അവർ ചെയ്യുന്നത്. അതുകൊണ്ടു തന്നെ വിവാഹവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതമാണ്’ എന്നാണ് കുടുംബം വ്യക്തമാക്കിയത്.
‘മുഖമുദി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പൂജ അഭിനയരംഗത്തേക്ക് വരുന്നത്. 2012 ലായിരുന്നു ഈ ചിത്രം പ്രദർശനത്തിനെത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമയിൽ സജീവമാണ് താരം. ഇരുപതോളം ചിത്രങ്ങളിൽ ഇതിനോടകം വേഷമിട്ടിട്ടുണ്ട്. സൽമാൻ ഖാൻ നായകനായ ‘കിസി കാ ഭായി, കിസി കാ ജാൻ’ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചിട്ടുള്ളത്. ഈ സിനിമ നടിക്ക് ബോളിവുഡിൽ സ്ഥാനം നേടി കൊടുത്തിരുന്നു. സിനിമാ ജീവിതത്തിൽ പൂജക്ക് കരിയർ ബ്രേക്ക് നൽകിയത് അല്ലു അർജുന്റെ ഒപ്പമുള്ള ‘അല വൈകുണ്ഠപുരലോ’ എന്ന ചിത്രമാണ്. താരത്തിന്റെ സിനിമകൾ ശ്രദ്ധിക്കപ്പെടുന്നതിനൊപ്പംതന്നെ വിവാദങ്ങളും പൂജ ഹെഗ്ഡെയെ എപ്പോഴും തേടിയെത്താറുണ്ടായിരുന്നു.
2016ൽ നടൻ ഹൃത്വിക് റോഷനൊപ്പം അശുതോഷ് ഗോവരിക്കറുടെ ഹിന്ദി ചലച്ചിത്രമായ ‘മൊഹൻജൊ ദാരോ’ എന്ന ചിത്രത്തിലെ പ്രധാന നടിയായി അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. മുൻ സൗന്ദര്യ മത്സരാർത്ഥിയായ പൂജ, 2010ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടമണിയുകയും ചെയ്തിരുന്നു.