ആരാധകർക്ക് ആശ്വസിക്കാം : ‘സലാർ’ നവംബറിൽ തന്നെയെത്തും

0
525

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, പ്രഭാസ് നായകനായ പുതിയ ചിത്രമാണ് ‘സലാർ’. ഹിറ്റ് പാൻ ഇന്ത്യൻ ചിത്രമായ ‘കെജിഎഫ്’ സംവിധാനം ചെയ്ത പ്രശാന്ത് നീലാണ് ‘സലാർ’ സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സലാർ സിനിമയുടെ റിലീസ് വെെകുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്തകൾ തള്ളിക്കൊണ്ട് ചിത്രം നവംബറിൽതന്നെ എത്തുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

പ്രഖ്യാപിച്ചമുതൽതന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച സിനിമയാണ് ‘സലാര്‍’ . ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രമായതുകൊണ്ടുതന്നെ ‘സലാര്‍’ പ്രഭാസിന് നിര്‍ണായകമായ ഒരു ചിത്രം തന്നെയാണ്. ‘സലാര്‍’ വമ്പൻ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലാണ് പ്രഭാസും താരത്തി​ന്റെ ആരാധകരും. ‘സലാറി’ന്റെ ഏതൊരു അപ്‍ഡേറ്റിനുവേണ്ടിയും കാത്തിരിക്കുകയാണ് ആരാധകർ.

സെപ്‍തംബര്‍ 28ന് ആയിരുന്നു ‘സലാറി’​ന്റെ റിലീസ് തീയതി ആദ്യം പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ തകൃതിയായ പ്രമോഷനുകള്‍ വിദേശ രാജ്യങ്ങളിലടക്കം ആരംഭിച്ചിരുന്നു. പിന്നീടാണ് ചിത്രത്തി​ന്റെ റിലീസ് മാറ്റിയെന്ന റിപ്പോര്‍ട്ടുകൾ വന്നത്. ‘കെജിഎഫി’ന്റെ അതേ ലെവലില്‍ തന്നെ വമ്പൻ ചിത്രമായാണ് പ്രശാന്ത് നീല്‍ സലാർ ഒരുക്കുന്നത്. അതിനിടെ ചിത്രം വീണ്ടും വെെകുമെന്ന വാർത്തകൾ വന്നിരുന്നു. നവംബറില്‍ ആയിരിക്കും ‘സലാര്‍’ പ്രദർശനത്തിനെത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിൽ പ്രഭാസ് ഒരു നെ​ഗറ്റിവ് ചായ്വുള്ള കഥാപാത്രമായിട്ടായിരിക്കും വരിക എന്നും ചില റിപ്പോർട്ടുകൾ വരുന്നുണ്ട്.

അതേസമയം ‘കെജിഎഫ്’ പോലെതന്നെ ഒരു മാസ് ആക്ഷന്‍ പടമാണ് ‘സലാർ’ എന്ന സൂചനയാണ് ചിത്രത്തിന്‍റെ ടീസറിലൂടെ ആരാധകർക്ക് നൽകിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിയെയും ടീസറില്‍ കാണാം. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് എന്നത് നേരത്തെതന്നെ വ്യക്തമാണ്.

ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ വില്ലൻ വേഷത്തില്‍ എത്തുന്നത്. ‘കെജിഎഫ്’, ‘കാന്താര’ തുടങ്ങിയ വിജയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈശ്വരി റാവു, ജഗപതി ബാബു, മധു ഗുരുസ്വാമി, ശ്രിയ റെഡ്ഡി തുടങ്ങിയവർ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . പ്രശാന്ത് നീൽ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഭുവന്‍ ഗൗഡ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ഉജ്വല്‍ കുല്‍ക്കര്‍ണിയാണ് . സംഗീതം ഒരുക്കിയിരിക്കുന്നത് രവി ബസ്‍രൂര്‍ ആണ് .

LEAVE A REPLY

Please enter your comment!
Please enter your name here