കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചിയാൻ വിക്രമിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘ധ്രുവനച്ചത്തിരം’. ചിത്രത്തിൻറെ പ്രഖ്യാപനത്തിനുശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും ചിത്രം റിലീസിന് എത്താത്തതിനെ തുടർന്ന് ‘ധ്രുവനച്ചത്തിരം’ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാ വിഷയം തന്നെയാണ്. എന്നാൽ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗൗതം വാസുദേവ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇത്തവണ ചിത്രം എന്തൊക്കെ സംഭവിച്ചാലും റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ചുള്ള വരവാണെന്നാണ് ആരാധകർ പറയുന്നത്. നവംബര്‍ 24ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഗൗതം വാസുദേവ് അറിയിച്ചിരിക്കുന്നത്. സിനിമയുടെ ഒരു ട്രെയിലർ ഗ്ലിംപ്സും പുറത്ത് വിട്ടിട്ടുണ്ട്.
View this post on Instagram
2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഇപ്പോൾ ഏഴ് വർഷങ്ങൾക്കു ശേഷം പ്രദർശനത്തിനെത്തുന്നത്. ഗൗതം മേനോന്‍റെ പല സിനിമകളും പറഞ്ഞ സമയത്ത് റിലീസ് ചെയ്യപ്പെടാതെ പോയതും ട്രോളായി സോഷ്യൽ മീഡിയയിൽ ആരാധകർ ഉയർത്തി കാണിക്കുന്നുണ്ടായിരുന്നു. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിച്ചത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് വീണ്ടും തുടങ്ങുകയും ചെയ്യുകയായിരുന്നു. 2022 ഡിസംബറിൽ ചിത്രം പുറത്തിറങ്ങുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ വ്യക്തമാക്കിയിരുന്നു. 2022 ലെ വിക്രമിന്റെ നാലാമത്തെ ചിത്രമാകും ഇതെന്നായിരുന്നു പ്രഖ്യാപനം. എന്നാലിത് വാക്കുകളിൽ മാത്രമായി ഒതുങ്ങുകയായിരുന്നു.
ചിത്രത്തില്‍ രഹസ്യാന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം.
ആരാധകർക്ക് ആശ്വാസം നൽകിക്കൊണ്ട് അടുത്തിടെ ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നു. ഹിസ് നെയിം ഈസ് ജോണ്‍ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും പാള്‍ ഡബ്ബ ആണ്. ഹാരിസ് ജയരാജ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിക്രത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം തങ്കലാൻ ആണ്.ചിത്രത്തിൻറെ പോസ്റ്ററിനും മറ്റും വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്