സൂര്യ നായകനായ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സംവിധായികയാണ് സുധ കൊങ്കര. ആർ മാധവൻ നായകനായ ‘ഇരുധി സുട്രു’ ആയിരുന്നു സുധ കൊങ്കരയുടെ ആദ്യ സംവിധാനസംരംഭം. ഇപ്പോഴിതാ വീണ്ടും സൂര്യയുമായി ഒന്നിക്കാൻ ഒരുങ്ങുകയാണ് സംവിധായിക എന്നാണ് റിപ്പോർട്ട്. സൂര്യ 43 എന്നാണ് താൽക്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഏറെ നാളുകൾക്കു ശേഷം നസ്രിയ ഈ ചിത്രത്തിലൂടെ തമിഴിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന പ്രത്യേകതയു൦ ഈ ചിത്രത്തിനുണ്ട്. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിൽ എത്തും എന്ന് റിപ്പോർട്ടുകളുണ്ട്.
സൂര്യയുടെ നിർമ്മാണ കമ്പനിയായ 2D എന്റെർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ നളൻ കുമാരസ്വാമിയാണ് ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാവുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. “സുരറൈ പോട്രുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ചിത്രം കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതാണ്. ഇതൊരു ബയോപിക് ചിത്രമല്ല, പക്ഷേ വലിയ ബഡ്ജറ്റിൽ വരുന്നൊരു ചിത്രമാണ്. ഇതെന്റെ പാഷൻ പ്രൊജക്ട് ആണെന്ന് ഞാൻ കരുതുന്നു, സൂര്യയും അതുപോലെ തന്നെ ആവേശത്തിലാണ്.”എന്ന് ഒരു അഭിമുഖത്തിൽ സുധ കൊങ്കര പറഞ്ഞിരുന്നു.
അതേസമയം, പുറത്തുവരുന്ന സൂചനകൾ ശരിയാണെങ്കിൽ ദുൽഖറും സൂര്യയും ആദ്യമായി സ്ക്രീൻ പങ്കിടുന്ന ചിത്രം കൂടി ആയിരിക്കും ഇത്. സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്നും ചില ട്രേഡ് അനലിസ്റ്റുകൾ പറയുന്നുണ്ട് . സിനിമയിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം ആയിരിക്കും ദുൽഖർ അവതരിപ്പിക്കുക എന്നാണ് പറയുന്നത്. ഈ വേഷത്തിലേക്കായി ആദ്യം പരിഗണിച്ചത് കാർത്തിയെ ആയിരുന്നുവെന്നും റിപോർട്ടുകൾ പറയുന്നു . എന്തായാലും പുതിയ വിവരങ്ങൾ വരുമ്പോൾ ഏറെ ആവേശത്തിലാണ് ദുൽഖർ, സൂര്യ ആരാധകർ. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗികമായി സംവിധായികയോ മറ്റു താരങ്ങളോ സ്ഥിരീകരിച്ചിട്ടില്ല .
‘കെജിഎഫി’ന്റെ നിര്‍മാതാക്കളായ ഹോംബാളെയുടെ പുതിയ ചിത്രം സുധ കൊങ്കരയാണ് സംവിധാനം ചെയ്യുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കീര്‍ത്തി സുരേഷ് ആയിരിക്കും നായികയെന്നും സിമ്പു ആയിരിക്കും നടനെന്നും റിപ്പോർട്ടുകൾ പരന്നിരുന്നു. നേരത്തെ, സുധ കൊങ്കര അധ്യാപകദിനത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. ആർ.മാധവൻ നായകനായ ‘ഇരുധി സുട്ര്’എന്ന ചിത്രത്തിന് പിന്നിലുള്ള കനൽ വഴികളെക്കുറിച്ചാണ് സംവിധായിക കുറിച്ചത്.