തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടന്‍ വിജയ്. 10, 12 ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങിലാണ്, രാഷ്ട്രീയ പ്രവേശത്തിനുശേഷമുള്ള കൃത്യമായ നിലപാട് താരം വ്യക്തമാക്കിയത്.
”നിങ്ങള്‍ ഏതു മേഖലയില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുക. നമുക്കു വേണ്ടതു മികച്ച ഡോക്ടര്‍മാരോ എന്‍ജിനീയര്‍മാരോ അഭിഭാഷകരോ അല്ല. തമിഴ്‌നാടിനു വേണ്ടത് നല്ല നേതാക്കളെയാണ്. നല്ലതുപോലെ പഠിക്കുന്നവര്‍ രാഷ്ട്രീയത്തിലേക്കു വരണം. അതാണ് എന്റെ ആഗ്രഹം. തെറ്റും ശരിയും മനസ്സിലാക്കിവേണം പുതിയ തലമുറ മുന്നോട്ടു പോകാന്‍. സമൂഹമാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കരുത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണം. ശരിതെറ്റുകള്‍ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാന്‍” കുട്ടികളോടു വിജയ് പറഞ്ഞു.
തമിഴ്‌നാടിനെ വരിഞ്ഞുമുറുക്കുന്ന ലഹരി മാഫിയയ്ക്കെതിരെയും താരം തുറന്നടിച്ചു. സേ നോ ടു ഡ്രഗ്‌സ്, സേ നോ ടു ടെംപററി പ്ലഷേഴ്‌സ് എന്നു കുട്ടികളെ കൊണ്ടു പ്രതിജ്ഞ എടുപ്പിച്ചാണു പ്രസംഗം അവസാനിപ്പിച്ചത്. പുരസ്‌കാര സമര്‍പ്പണം നടക്കുന്ന ചെന്നൈ പനയൂരിലെ ഹാളിലേക്കെത്തിയ വിജയ്, ആദ്യം വേദിയിലേക്കു കയറാതെ സദസ്സിലെ ദലിത് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ഇരുന്നത്. പ്രസംഗത്തിനായി വേദിയിലേക്ക് കയറിയ താരത്തെ കുട്ടികളും രക്ഷിതാക്കളും വലിയ കയ്യടികളോടെയാണ് വരവേറ്റത്.