അമിത് ചക്കാലക്കലിനെ നായകനാക്കി നവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രാവ്. മലയാളത്തിന്റെ എക്കാലത്തെയും അനശ്വര സംവിധായകനായ പത്മരാജന്റെ വിഖ്യാതമായ ഒരു ചെറുകഥയെ അവലംബമാക്കിയാണ് ‘പ്രാവ്’ എന്ന ചിത്രം ഒരുങ്ങുന്നത്. സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലും രാജശേഖരൻ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ സുഹൃത്ത് കൂടിയായ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് തകഴി രാജശേഖരൻ. നിർമ്മാതാവ് ആയിട്ട് ഇറങ്ങുമ്പോൾ മമ്മൂട്ടി എന്ത് അഭിപ്രായമാണ് പറഞ്ഞതെന്ന് തുറന്നു പറയുകയാണ് തകഴി രാജശേഖരൻ.
തകഴി രാജശേഖരന്റെ വാക്കുകൾ…
“തനിക്ക് വേറെ ഒരു പണിയുമില്ലേ’ എന്നാണ് മമ്മൂക്ക പറഞ്ഞത്. സിനിമയിൽ ഒരു അപരിചിതനായ എന്നെപ്പോലുള്ള ഒരാൾ പ്രൊഡക്ഷൻ ചെയ്യുമ്പോൾ ഒരു സുഹൃത്ത് എന്ന നിലയിൽ എനിക്ക് നഷ്ടങ്ങൾ ഉണ്ടാകരുതെന്നും അതെന്റെ ജീവിതത്തെ ബാധിക്കരുതെന്നൊക്കെയുള്ള ഒരു കരുതലിന്റെ ഭാഗമായിട്ട് എന്നെ പിന്തിരിപ്പിച്ചു. എന്നാൽ ഞാൻ ഇ പ്രൊജക്റ്റിൽ എനിക്ക് ചെയ്യണം എന്ന് പറഞ്ഞ് കൺവിൻസ് ചെയ്യിപ്പിച്ചു.
അങ്ങനെ ഒരിക്കൽ അതിൽ എത്തിപെട്ടതിനുശേഷം എനിക്ക് ഉണ്ടായിട്ടുള്ള സഹകരണം ഞാൻ ഇല്ലാത്തപ്പോഴും കാണുമ്പോഴുമൊക്കെ എന്തായി സിനിമ, എവിടം വരെയായി എന്നൊക്കെ പറയുമായിരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണം പൂജ തുടങ്ങിയ അന്ന് 8 .30 ന് ഞാൻ പ്രതീക്ഷിക്കാതെ അദ്ദേഹം വീഡിയോ കോൾ ചെയ്തു. എല്ലാ കാര്യങ്ങളും ശരിയായോ, എന്തെങ്കിലും കുഴപ്പമുണ്ടോ എന്നൊക്കെ ചോദിച്ചു.
അദ്ദേഹം നല്ല തിരക്കുള്ള മനുഷ്യനാണ്, ഈ കാര്യങ്ങളൊന്നും നോക്കേണ്ട ആവശ്യമില്ല, എങ്കിലും എവിടെയോ ഒരു കോണിൽ ഇയാളുടെ ഒരു സിനിമ തുടങ്ങുന്നു അത് നന്നായി വരട്ടെ എന്നുള്ള ഒരു ആശംസയും എപ്പോഴും അദ്ദേഹത്തിന്റെ അടുത്തുനിന്ന് ഉണ്ടായിരുന്നു. അത് ഒരു പുതിയ ആളെന്ന നിലയിൽ ഉണ്ടാകുന്ന പ്രചോദനവും ആത്മവിശ്വാസവും പറഞ്ഞറിയിക്കാൻ വയ്യ”
നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ടീസറും ഗാനവും പുറത്തുവന്നിരുന്നു. നടൻ മമ്മൂട്ടിയാണ് തന്റെ സോഷ്യൽ മീഡിയയി വഴി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. അമിത് ചക്കാലക്കൽ, സാബുമോൻ അബ്‍ദുസമദ്, നിഷാ സാരംഗ്, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നീ താരങ്ങളെല്ലാം പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രമാണ് ‘പ്രാവ്’. ബി കെ ഹരിനാരായണനാണ് പ്രാവെന്ന ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജി ബാലാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ആന്റണി ജോ ആണ്. അനീഷ് ഗോപാൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ , വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് അരുൺ മനോഹറും, മേക്കപ്പ് ചെയ്തിരിക്കുന്നത് ജയൻ പൂങ്കുളവുമാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടറായി ഉണ്ണി കെ ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളറായി ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനറായി കരുൺ പ്രസാദും എത്തുന്നു. സെപ്‍തംബർ 15ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് വേഫേറെർ ഫിലിംസ് ആണ്. അമിത് ചക്കാലക്കൽ നായകകഥാപാത്രമായി വേഷമിട്ട് അവസാനം പ്രദർശനത്തിനെത്തിയ ചിത്രം ‘സന്തോഷ’മാണ്. അജിത്ത് വി തോമസായിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരുന്നത് . ചിത്രത്തിൽ അനു സിത്താര നായികയായി എത്തിയിരുന്നു. ഇഷയും അജിത് വി തോമസുമാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരുന്നത്.